അവസാന നിമിഷം വരെ പോരാട്ടവീര്യം കാണിച്ച സെനഗലിനെ 3-2 ന് തോല്‍പ്പിച്ച് നോര്‍വെ നോക്കൗട്ടില്‍. എർലിങ് ഹാളണ്ടിന്‍റെ ഇരട്ടഗോളിലാണ് നോര്‍വെയുടെ മുന്നേറ്റം. നോര്‍വെയ്ക്കായി പെഡേഴ്സനാണ് അക്കൗണ്ട് തുറന്നത്. ഇന്‍ജുറി ടൈമില്‍ രണ്ടാം ഗോള്‍ നേടി സെനഗല്‍ തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും തുടരെ വന്ന രണ്ട് കോര്‍ണറുകള്‍ ഗോളാക്കിമാറ്റാന്‍ ആഫ്രിക്കന്‍ ടീമിനായില്ല. സെനഗലിന്‍റെ രണ്ടുഗോളും നേടിയത് ഇസ്മായില സാര്‍ ആണ്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് നോര്‍വെ അക്കൗണ്ട് തുറന്നത്. 43-ാം മിനിറ്റില്‍ ഒഡെഗാർഡ് ഹാളണ്ടിലേക്ക് ത്രൂ-ബോൾ നൽകാൻ ശ്രമിച്ചെങ്കിലും സെനഗൽ ക്യാപ്റ്റൻ കൂലിബാലി തടഞ്ഞു. പന്ത് പിടിച്ചെടുത്ത പെഡേഴ്സന്‍റെ മുന്നേറ്റം അവസാനിച്ചത് ഗോളിലാണ്, സ്കോര്‍ 1-0.
ആദ്യ പകുതിയില്‍ പിന്നിലായതിന്‍റെ ക്ഷീണം മറികടക്കാന്‍, മുഴുവന്‍ താരങ്ങളെയും നോര്‍വെയുടെ ഹാഫിലേക്ക് ഇറക്കി തിരിച്ചടിക്കാനായിരുന്നു രണ്ടാം പകുതിയില്‍ സെനഗലിന്‍റെ പദ്ധതി. എന്നാല്‍ പന്ത് കൈവിട്ട് പോയതോടെ ഈ നീക്കം തിരിച്ചടിച്ചു. പന്ത് പിടിച്ചെടുത്ത ഒഡഗാർഡില്‍ നിന്നും പാസ് ഹാളണ്ടിലേക്ക്. ബോക്സിനുള്ളില്‍ നിന്നും ഹാളണ്ടിന്‍റെ ഷോട്ട് ഗോൾകീപ്പർ മെൻഡിയെ മറികടന്നു. 48-ാം മിനിറ്റില്‍ നോര്‍വെയുടെ രണ്ടാം ഗോള്‍.
53-ാം മിനിറ്റിലാണ് സെനഗലിന്‍റെ ഗോള്‍ വന്നത്. മാനെയില്‍ നിന്നും ബോക്സിനുള്ളിലേക്ക് ഇസ്മായില സാറിലേക്ക് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിക്കാന്‍ താരത്തിനായി. സെനഗല്‍ തിരിച്ചുവരുമെന്ന് തോന്നിച്ച നിമിഷത്തിന് മിനിറ്റുകളെ ആയുസുണ്ടായിരുന്നുള്ളൂ. കൃത്യം അഞ്ച് മിനിറ്റിന് ശേഷം ഹാളണ്ട് വീണ്ടും വല കുലുക്കി. 58-ാം മിനിറ്റില്‍ വലതുവിങില്‍ നിന്നും പെഡേഴ്സന്‍ വഴി തുടങ്ങിയ മുന്നേറ്റത്തിലാണ് ഹാളണ്ടിന്‍റെ രണ്ടാം ഗോള്‍ പിറന്നത്.
പെഡേഴ്സന്‍ ബോക്സിനുള്ളിലേക്ക് പന്ത് എത്തിച്ചെങ്കിലും ഹാളണ്ടും നൂസയും തമ്മിലുണ്ടായ ആശയക്കുഴപ്പം കാരണം പന്ത് ബോക്സിന് പുറത്തേക്ക് എത്തി. എന്നാല്‍ തൊട്ടടുത്ത നിമിഷം പന്തുമായി വന്ന ബെർഗില്‍ നിന്നും പാസ് ഹാളണ്ടിലേക്ക്. ബോക്സിനുള്ളില്‍ നിന്നുമുള്ള ഹാളണ്ടിന്‍റെ ഷോട്ടും വലകുലുക്കി. ഇന്‍ജുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ഇസ്മായില്‍ സാറയാണ് സെനഗലിന്‍റെ രണ്ടാം ഗോളും നേടിയത്. അവസാന നിമിഷം തുടരെ നോര്‍വെ പോസ്റ്റില്‍ സെനഗല്‍ അറ്റാക്ക് നടത്തിയെങ്കിലും ലഭിച്ച രണ്ട് കോര്‍ണറുകളും ഗോളാക്കാന്‍ ടീമിനായില്ല.
ജയത്തോടെ നോര്‍വെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഗ്രൂപ്പ് ഐയിലെ നെര്‍വെ– ഫ്രാന്‍സ് മത്സര വിജയികളാകും ഗ്രൂപ്പ് ജേതാക്കള്‍. 26നാണ് ഈ മല്‍സരം. ഇരട്ട ഗോളോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ നാലു ഗോളുമായി ഹാളണ്ട് എംബപെയ്ക്കൊപ്പമെത്തി. മുന്നിലുള്ള മെസിക്ക് അഞ്ചു ഗോളാണുള്ളത്. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു ഗോളാണ് ഹാളണ്ടിനുള്ളത്. ഇറാഖിനെതിരെയും ഹാളണ്ട് ഇരട്ടഗോള്‍ നേടിയിരുന്നു.