ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് അര്‍ജന്റീയുടെ ലയണൽ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. അര്‍ജന്റീനയുടെ ജയത്തിനൊപ്പം റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയതോടെ ആരാധകര്‍ക്ക് ഇന്നലെ ആഘോഷരാവായിരുന്നു. 

വിജയത്തിന് പിന്നാലെ ഫിഫയുടെ സോഷ്യല്‍ മീഡിയ ടീമിലെ മലയാളി സാന്നിധ്യം ശ്രദ്ധ നേടുകയാണ്. ഫിഫയുടെ ഒഫീഷ്യല്‍ പേജില്‍ മെസിയുടെ ചിത്രത്തിനൊപ്പം വന്ന മലയാളം സിനിമ ഡയലോഗാണ് ഇതിന് കാരണം. ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'ത്തിലെ 'ഇല്ലുമിനാറ്റി' പാട്ടിലെ 'ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തില്‍ പത്ത്' എന്നാണ് മെസിയുടെ ചിത്രത്തിനൊപ്പം മലയാളത്തില്‍ കുറിച്ചത്. 62 മില്യണ്‍ ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലും 74 മില്യണ്‍ ഫോളോവേഴ്സുള്ള ഫെയ്​സ്ബുക്ക് പേജിലുമാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഇതോടെ ഫിഫയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആരെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. 

പുതിയ പോസ്റ്റോടെ മലയാളികള്‍ കമന്‍റ് ബോക്സും തൂക്കി. 'മലയാളികള്‍ക്കിത് അഭിമാനനിമിഷം', 'മലയാളിയും ഫുട്ബോളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തിനുള്ള ലോകത്തിന്റെ അംഗീകാരമാണ്', 'ഇന്ത്യ, കേരള, മലയാളം, മലയാളി അന്തസ്സ്', 'ഫിഫ പേജ് മലയാളി ഹാക്ക് ചെയ്തോ', 'മലയാളിക്ക് അങ്ങ് ഫിഫയിലും പിടിയുണ്ടെടാ' എന്നിങ്ങനെ പോകുന്ന രസകരമായ കമന്‍റുകള്‍. 

ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. ബോക്സിന്റെ ഇടതുവിങ്ങിൽനിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസി കൃത്യമായി അത് ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) എന്ന റെക്കോർഡ് ആണ് ലോകകപ്പിലെ 17–ാം ഗോളടിച്ച് മെസി മറികടന്നത്. 

ENGLISH SUMMARY:

Lionel Messi has set a new record for the most goals scored in World Cup history, surpassing Miroslav Klose's record. This achievement, coupled with a viral Malayalam dialogue from the movie 'Aavesham' featured on FIFA's official social media, has sparked considerable excitement and pride among Malayali football fans globally.