മെസിക്കും റൊണാള്‍ഡോയ്ക്കും ശേഷം ആരെന്ന് ചോദിച്ചവരോട് എംബപ്പെയുടെയും ഹാളണ്ടിന്റെയും മറുപടി. കളിച്ച രണ്ട് മല്‍സരത്തിലും ഡബിളടിച്ച് ഇരുവരും ഇനി നേര്‍ക്കുനേര്‍ അങ്കത്തിന്. രാജ്യാന്തര ഫുട്ബോളില്‍ ഇനി ചൂടേറിയ ചര്‍ച്ച ഇവരെ ചുറ്റിപ്പറ്റിയാകും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്ക് ഒരു നിമിഷം മതി മല്‍സരഗതി മാറ്റിമറിക്കാന്‍. അങ്ങനെ കളിച്ച രണ്ട് മല്‍സരത്തിലും കളിയുടെ ഗതി തിരിച്ചവരാണ് എംബപ്പെയും ഹാളണ്ടും.
ഇടതുവിങ്ങറായും സെൻട്രൽ സ്ട്രൈക്കറായും ഒരുപോലെ തിളങ്ങാൻ കഴിവുള്ള അതിവേഗ മുന്നേറ്റനിരക്കാരൻ. മികച്ച സാങ്കേതികത്തികവുള്ള എംബപ്പെ എണ്ണമറ്റ ഗോളവസരങ്ങളും ഒരുക്കും. എന്നാല്‍ ഗോളടിക്കാൻ ഹാളണ്ടിനെക്കാൾ അൽപം കൂടുതൽ സമയമെടുക്കും. പക്ഷേ ടീമിന്റെ മുന്നേറ്റങ്ങൾ മെനയുന്നതിൽ നിർണായക പങ്കുവഹിക്കുന്ന താരമാണ് എംബപ്പെ.
ശാരീരികമായി കരുത്തനായ, ഒരു ക്ലാസിക് നമ്പര്‍ നയന്‍ താരത്തിന്റെ കളിശൈലിയാണ് എർലിങ് ഹാളണ്ടിന്റേത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫിനിഷർ. ബോക്സിനുള്ളില്‍ അസാമാന്യമായ നീക്കങ്ങൾ, മികച്ച ഹെഡിങ് പാടവം. ഹാളണ്ടിന്റെ ശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അമ്പരപ്പിക്കുന്ന ഗോളടി നിരക്കാണ് ഹാളണ്ടിന്റെ മറ്റൊരു സവിശേഷത. കളിക്കുന്ന ഓരോ മത്സരത്തിലും ശരാശരി ഒരു ഗോൾ വീതം നേടുന്നു ഹാളണ്ട്. ഓരോ ഗോളിനും എടുക്കുന്ന മിനിറ്റുകളുടെ കണക്കിൽ യോറോപ്യൻ ഫുട്ബോളിൽ ഒന്നാം സ്ഥാനത്താണ്.
അതേസമയം എംബാപ്പെയെ ഏറ്റവും സമ്പൂർണ്ണനും സർവതലസ്പർശിയുമായ മുന്നേറ്റ നിരക്കാരനായിട്ടാണ് കണക്കാക്കുന്നത്. പക്ഷേ ലോകത്തിലെ ഏറ്റവും നിർദാക്ഷിണ്യനായ, ഗോളടിക്കാരനാണ് ഹാളണ്ട്.
വിങ്ങുകളിലും സെൻട്രൽ സ്ട്രൈക്കറായും ഒരുപോലെ തിളങ്ങുന്ന, ചടുല നീക്കങ്ങള്‍ക്ക് ഉടമയാണ് എംബാപ്പെ.
അതിവിദഗ്ദ്ധമായ ഡ്രിബ്ലിങ്, മിന്നൽ വേഗത്തിലുള്ള കുതിപ്പ്, ഭാവനാസമ്പന്നമായ പാസുകൾ, വിവിധ പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാനുള്ള കഴിവ്, ഇതാണ് എംബപ്പെയുടെ കരുത്ത്. അതുപോലെ ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും പ്രതിരോധ താരങ്ങളെ ഒറ്റയ്ക്ക് മറികടക്കുന്നതിലും മികവ് കാട്ടുന്നു. ഗോളടിയുടെ ആൾരൂപമാണ് ഹാളണ്ട്.
പെനാൽറ്റി ബോക്സിനകത്തും പുറത്തും അപകടകാരി.
അതുല്യമായ ഫിനിഷിങും, ഹെഡ്ഡറുകളിലെ ആധിപത്യവും ശാരിരിക്ഷമതയും ഹാളണ്ടിന്റെ പ്ലസ് ആകുന്നു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ 16 ഗോളുകളുമായി ജർമനിയുടെ മുൻ താരം മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്തി കിലിയൻ എംബാപ്പെ. എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ലയണ്‍ മെസിയുടെ 18 ഗോളുകള്‍ക്ക് തൊട്ടുപിന്നില്‍ എംബപ്പെ.ആദ്യ ലോകകപ്പിനെത്തിയ നോര്‍വേയുടെ ഹാളണ്ട് രണ്ടുമല്‍സരങ്ങളിലും ഡബിളടിച്ച് നാലുഗോളുകളുമായി നില്‍ക്കുന്നു. ഇതോടെ, ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസിക്ക് തൊട്ടുപിന്നിലായി എംബപ്പെയും ഹാളണ്ടും നില്‍ക്കുന്നു.