കരുത്തരുടെ കഥകള്‍ കണ്ടും, കേട്ടുമിരിക്കുന്ന ലോകകപ്പില്‍ കാല്‍പ്പന്തുകളിയുടെ കരുത്തില്‍, കണക്കുകൂട്ടലുകളില്‍ കളത്തിലിറങ്ങുകയാണ് രണ്ട് ദ്വീപ് സമൂഹങ്ങള്‍. അങ്ങനെ പുതിയചരിത്രം എഴുതിച്ചേര്‍ക്കുകയാണ്, ഫിഫ ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കാബോ വെര്‍ദെയും, ക്യുറസാവോയും, അവരുടെ ദ്വീപ് ബോയ്സും.
ഗ്യാലറികളില്‍ അവരുടെ ആരാധകരെ കണ്ടെത്താന്‍ ക്യാമറക്കണ്ണുകള്‍ക്ക് ഏറെ പ്രയാസപ്പെടേേണ്ടി വന്നു. അതിനുമപ്പുറം, ലോകമാപ്പില്‍ ആ ദ്വീപസമൂഹങ്ങളുടെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളും. വിശ്വമഹാമേളയുടെ ഭാഗമാകാതെ മുന്‍പ് കപ്പെടുത്തവര്‍പോലും ഇടറിവീണ കാലത്താണ് ഈ കുഞ്ഞന്‍ ദ്വീപുകളുടെ മുന്നേറ്റം.
വലുപ്പത്തിലല്ല, വിശ്രമമില്ലാതെയുള്ള ശ്രമങ്ങളാണ് അടയാളപ്പെടുത്തുകയെന്ന് ഓര്‍മപ്പെടുത്തുന്ന കുഞ്ഞ്, വലിയ ദേശങ്ങള്‍.
ക്യുറസാവോ
കരീബിയന്‍ കടലില്‍ വെനസ്വേലയ്ക്ക് സമീപമുള്ള മനോഹരമായ ദ്വീപ്. ഒന്നര ലക്ഷത്തിനടുത്ത് ജനസംഖ്യ. ഡച്ച് ശൈലിയിലുള്ള കളര്‍ ഫുള്‍ കെട്ടിടങ്ങള്‍ നിറഞ്ഞ നിറമുള്ള തെരുവുകള്‍. ഭാഷ , പാപ്പിയാമെന്റു. പ്രധാന വരുമാനം, ടൂറിസം, എണ്ണ ശുദ്ധീകരണം. ലോകകപ്പിലേക്ക് ക്യുറസാവോയുെട ബ്ലൂ വേവ് എത്തുമ്പോള്‍
ദ്വീപിന്റെ വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ലിയാന്‍ഡ്രോ ബക്യൂന ആണ് ക്യാപ്റ്റന്‍. ജൂനിന്‍ഹോ ബക്യൂന , താഹിത് ചോങ്, എലോയ് റൂം, എന്നിവരുടെ കളി മികവിലാണ് ക്യുറസാവോയുടെ സ്വപ്നങ്ങളത്രയും.
കാബോ വെര്‍ദെ
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് കാബോ വെര്‍ദെ. ഒരു കവിത പോലെ സുന്ദരമായ കടല്‍ത്തീരം. 6 ലക്ഷത്തില്‍ താഴെ ജനസംഖ്യ.ഒരിക്കല്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്നു കാബോ വെര്‍ദെ. പോര്‍ച്ചുഗീസ് ആണ് ഭാഷ.
പ്രാദേശിക ഭാഷ ക്രീയോള്‍.ടൂറിസവും, മല്‍സ്യബന്ധനവും ആണ് പ്രധാന വരുമാനമാര്‍ഗം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ബ്ലൂ ഷാര്‍ക്സ് ഫിഫ ലോകകപ്പ് വേദിയിലെത്തുന്നത്. റയാന്‍ മെന്‍ഡസ്, വൊസീഞ്ഞ, മാര്‍സിയോ റോസ ഇവരൊക്കെയാണ് കാബോ വെര്‍ദെയുടെ കരുത്ത്. അങ്ങനെ വലിയ സ്വപ്നങ്ങളിലേക്ക്, പന്ത് തട്ടി പറന്നടിക്കുകയാണ് ദ്വീപിന്റെ ഫുട്ബോള്‍ ജ്വരം.