Fans react as they watch the World Cup Group H soccer match between Cape Verde and Spain (AP Photo/Queila Fernandes)
കൊല്ലം കോർപറേഷന്റെ ജനസംഖ്യ മാത്രമുള്ള രാജ്യമാണ് സ്പെയിനിനെ വിറപ്പിച്ച കെയ്പ് വെര്‍ഡി. പോര്‍ച്ചുഗീസുകാരുടെ അടിമക്കച്ചവടത്തിൽ പിറന്ന നാട്ടില്‍ ഫുട്ബോളായിരുന്നു ആഘോഷങ്ങളുടെ അവസാന വാക്ക്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കുടുംബവേരുകൾ ചെന്നെത്തുന്നതും കെയ്പ് വെര്‍ഡി ദ്വീപുകളിലാണ്.
ആഫ്രിക്കന്‍ വന്‍കരയില്‍ സെനഗലിന്റെ തീരത്തുനിന്ന് മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പത്തു ദ്വീപുകളുടെ സമൂഹമാണ് കെയ്പ് വെര്‍ഡി. 15–ാം നൂറ്റാണ്ടുവരെ ജനവാസമില്ലാതിരുന്ന ഇവിടം പോർച്ചുഗീസ് നാവികരുടെ സമുദ്രപര്യവേക്ഷണത്തിലാണ് കണ്ടെത്തിയത്. പിന്നാലെ കെയ്പ് വെര്‍ഡി പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ ഭാഗമായി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദ്യത്തെ യൂറോപ്യൻ താമസകേന്ദ്രങ്ങളിലൊന്ന് ഇവിടെ സ്ഥാപിതമായി.
ആഫ്രിക്കൻ അടിമകൾ, ആനക്കൊമ്പ്, സ്വർണം എന്നിവയ്ക്ക് പകരമായി റമ്മും തുണിയും കൈമാറ്റം ചെയ്തുകൊണ്ടുള്ള വ്യാപാരം കെയ്പ് വെര്‍ഡിക്ക് വൻ സാമ്പത്തിക വളർച്ച നൽകി. 1975ൽ പോര്‍ച്ചുഗലില്‍ നിന്ന് സ്വതന്ത്രമായെങ്കിലും പോര്‍ച്ചുഗീസുകാര്‍ ബാക്കിവച്ച ഫുട്ബോള്‍ പാരമ്പര്യം കെയ്പ് വെര്‍ഡി കൈവിട്ടില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം ലൂയിസ് നാനിയുടെ ജന്‍മനാടാണ് കെയ്പ് വെര്‍ഡി. ആറാം വയസിലാണ് നാനി പോര്‍ച്ചുഗലിലേക്ക് കുടിയേറുന്നത്. പറഞ്ഞുവരുമ്പോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കുടുംബവേരുകൾ ചെന്നെത്തുന്നത് കെയ്പ് വെര്‍ഡി ദ്വീപുകളിലേക്കാണ്. റൊണാള്‍ഡോയുടെ മുത്തശിയുടെ ജന്‍മനാടാണ് ഈ കുഞ്ഞന്‍ രാജ്യം. നിലവിലെ ടീമില്‍ കെയ്പ് വെര്‍ഡി താരങ്ങള്‍ക്ക് പുറമേ പോര്‍ച്ചുഗലില്‍ ജനിച്ചുവളര്‍ന്ന താരങ്ങളും ഉള്‍പ്പെടുന്നുണ്ട്.