ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തിൽ തുനീസിയയുടെ പ്രതിരോധക്കോട്ടയെ തച്ചുടച്ച് സ്വീഡന് വമ്പൻ വിജയം. മെക്സിക്കോയിലെ എസ്റ്റാഡിയോ ബി.ബി.വി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡൻ ആഫ്രിക്കൻ കരുത്തരെ തകർത്തത്. ബ്രൈറ്റൺ മധ്യനിര താരം യാസിൻ അയരിയുടെ ഇരട്ട ഗോളുകളാണ് സ്വീഡിഷ് പടയുടെ വിജയത്തിന് അടിത്തറയിട്ടത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്വീഡൻ ആക്രമിച്ചു കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ തകർപ്പൻ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ യാസിൻ അയരി സ്വീഡനായി ആദ്യ ഗോള്‍ നേടി. തുടർന്ന് 30-ാം മിനിറ്റിൽ സൂപ്പർ താരം അലക്സാണ്ടർ ഇസാക്ക് സ്വീഡന്റെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (42-ാം മിനിറ്റിൽ) ഒമർ റെകിക്ക് തുനീസിയയ്ക്കായി ഒരു ഗോൾ മടക്കിയതോടെ ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ശക്തമായാണ് സ്വീഡൻ തിരിച്ചുവന്നത്. 59-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിന്റെ അസിസ്റ്റിൽ നിന്ന് വിക്ടർ ഗ്യോകോറെസ് സ്വീഡന്റെ മൂന്നാം ഗോൾ നേടി. മികച്ച പ്രതിരോധം എന്ന് പേരെടുത്ത തുനീസിയൻ നിരയെ പിന്നീട് സ്വീഡൻ കാഴ്ച്ചക്കാരാക്കുകയായിരുന്നു. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് സ്വാൻബെർഗ് സ്കോർ 4-1 ആക്കി ഉയർത്തി. മത്സരത്തിന്റെ അധിക സമയത്ത് (90+6' മിനിറ്റിൽ) യുവതാരം ലൂക്കാസ് ബെർഗ്‌വാൽ നൽകിയ പാസിൽ നിന്നും യാസിൻ അയരി തന്റെ രണ്ടാം ഗോളും നേടി നില 5-1 ആക്കി മാറ്റി.

ഗ്രൂപ്പ് എഫിലെ ആദ്യ മത്സരങ്ങൾ പൂർത്തിയായപ്പോൾ വമ്പൻ വിജയത്തോടെ മൂന്ന് പോയിന്‍ോടെ സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി. നെതർലൻഡ്സും ജപ്പാനും 2-2 സമനിലയിൽ പിരിഞ്ഞതിനാൽ സ്വീഡന് ഗ്രൂപ്പിൽ വ്യക്തമായ ആധിപത്യമുണ്ട്. യോഗ്യതാ റൗണ്ടിൽ വൻ തിരിച്ചടികൾ നേരിട്ട ശേഷം നേഷൻസ് ലീഗ് പ്ലേ-ഓഫ് വഴി ലോകകപ്പിനെത്തിയ സ്വീഡന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ജൂൺ 20-ന് നടക്കുന്ന അടുത്ത മത്സരത്തിൽ സ്വീഡൻ നെതർലൻഡ്സിനെയും തുനീസിയ ജപ്പാനെയും നേരിടും.

ENGLISH SUMMARY:

Sweden kickstarted their FIFA World Cup 2026 campaign with a spectacular statement of intent by decimating Tunisia's defensive wall in a 5-1 victory at the Estadio BBVA in Mexico. Brighton midfielder Yasin Ayari anchored the historic Group F win for the Swedish side by netting a spectacular brace, starting with a powerful long-range strike in the seventh minute. The offensive onslaught was further amplified by marquee forward Alexander Isak and star striker Viktor Gyokeres, completely overshadowing Omar Rekik's lone first-half consolation goal for the African nation. Super-subs Mattias Svanberg and teenager Lucas Bergvall also made immediate impacts late in the game, with the latter expertly setting up Ayari's final stoppage-time goal. Following a dramatic 2-2 draw between group rivals Netherlands and Japan in the other fixture, Sweden has now safely secured an early comfortable lead at the top of the group standings. This massive opening triumph provides a significant moral boost to the Blågult squad, who had to endure a grueling Nations League play-off route to seal their ticket to the tournament.