black-screen

  കാനറിപ്പടയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മൊറോക്കോയുമായുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. 21–ാം മിനിറ്റില്‍ ആദ്യഗോളടിച്ച് മൊറോക്കോയും 11 മിനിറ്റ് കഴിഞ്ഞ് ബ്രസീലും ഗോളുമടക്കി. മല്‍സരം ആവേശകരമെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് പൂര്‍ണമായും മല്‍സരം ആസ്വദിക്കാനായില്ലെന്നതാണ് സത്യം. സ്ട്രീമിങ് പ്ലാറ്റ്ഫോം പണിമുടക്കിയതോടെയാണ് ഉറക്കമിളച്ച് കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ കുടുങ്ങിയത്.

Zee5 പ്ലാറ്റ്ഫോം ആപ്ലിക്കേഷന്‍ ക്രാഷ് ആയി വീണ്ടും തുറക്കേണ്ടിവന്നതും സ്ക്രീന്‍ പലതവണ ബഫറിങ്ങുകളില്‍ കുടുങ്ങിയതും ലോഗിന്‍ ചെയ്യാന്‍ വന്ന ബുദ്ധിമുട്ടുമാണ് കളി കാണുന്നതില്‍ കല്ലുകടിയായതെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.  

മെക്സികോ–ദക്ഷിണാഫ്രിക്ക പോരിനിടെയും സ്ക്രീന്‍ ലാഗുകളും സെര്‍വര്‍ തകരാറുകളും 4K സംപ്രേക്ഷണത്തിലെ തകരാറും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതുവരെ ലോകകപ്പില്‍ നടന്ന ഏറ്റവും പ്രാധാന്യമേറിയ മല്‍സരം ആപ്ലിക്കേഷന്‍ ബഗുകള്‍ കാരണം ആസ്വദിക്കാനായില്ലെന്ന് ഒരാള്‍ എക്സില്‍ കുറിച്ചു. 

അതേസമയം, ഇന്ത്യയില്‍ മാത്രമല്ല പ്ലാറ്റ്​ഫോമിലെ സാങ്കേതിക തടസം മൂലം കളി തടസപ്പെട്ടതെന്നും ബ്രസീലിലും സമാന സ്ഥിതിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈവിനിടെ 7:7 മിനിറ്റ് മുതല്‍ 9:13 വരെയുള്ള സമയം പ്ലാറ്റ്ഫോം സാങ്കേതികമായി തടസപ്പെട്ടുവെന്നും രണ്ട് മിനിറ്റോളം കളി മിസായെന്നും ആളുകള്‍ വെളിപ്പെടുത്തി. ഇത്തരമൊരവസ്ഥ ക്വാര്‍ട്ടര്‍ ഫൈനലിലോ, സെമിഫൈനലിലോ, ഫൈനലിനോ ആണ് വരുന്നതെങ്കില്‍ നരകമായിരിക്കും എന്നാണ് ഒരാള്‍ കുറിച്ചത്.  ഇത്കൂടാതെ കളിയുടെ നഷ്ടമായ ഭാഗം കാണാന്‍ റീവൈന്‍ഡ് ചെയ്താല്‍ കറങ്ങിനിന്ന ശേഷം സ്ക്രീന്‍ ലൈവിലേക്ക് തന്നെ പോകുകയാണെന്നും ഒരാള്‍ കുറിച്ചു.

ENGLISH SUMMARY:

Brazil vs Morocco live stream issues marred the highly anticipated match for Indian fans. The Zee5 platform experienced significant technical problems, including app crashes, buffering, and login difficulties, preventing many from watching the game.