brazil-morocco

‘ജീവന്‍ കാക്കാന്‍ പേടി അത്യാവശ്യമാണ്, പേടിയില്ലെങ്കില്‍ സിംഹത്തെ കണ്ടാലും പൂച്ചയെന്നേ തോന്നൂ...’ മൊറോക്കോയോട് ഏറ്റുമുട്ടുമ്പോള്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ മറുപടിയാണ്. ഇത് കേട്ട്, കാര്‍ലോയ്ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് കരുതരുത്. എതിരാളി ആരായാലും അര്‍ഹിക്കുന്ന ബഹുമാനവും, പേടിയുമൊക്കെയായി സമീപിച്ചെങ്കില്‍ മാത്രമേ കടമ്പ കടക്കാനാകൂ എന്നതാണ് അദ്ദേഹത്തിന്‍റെ ലൈന്‍. ഇപ്പോഴത്തെ ബ്രസീലിന്‍റെ ഏറ്റവും വലിയ ‘കരുത്ത്’ അതാണ്. കാര്‍ലോയും കളിക്കാരും കുറവുകള്‍ തിരിച്ചറിയുന്നു. ആ വിധം പദ്ധതികള്‍ തയാറാക്കുന്നു. 

നെയ്മാറില്ല; അപ്പോള്‍ ?

പരുക്കില്‍ നിന്ന് കരകയറുന്ന നെയ്മര്‍ ആദ്യ അങ്കത്തിനില്ലെന്ന് ഉറപ്പിച്ചു. പടനായകന്‍റെ അസാന്നിധ്യം ! പക്ഷേ സൈന്യത്തിന് ജയിച്ചേ പറ്റൂ. അതാണവസ്ഥ. അത് നേരത്തെ കണ്ട് സന്നാഹ മല്‍സരങ്ങളില്‍ കാര്‍ലോ ലിറ്റ്മെസ് ടെസ്റ്റ് നടത്തിയുണ്ട്. ഈജിപ്തിനെതിരെ കണ്ട 4–2–3–1 ഫോര്‍മേഷനില്‍ തുടങ്ങി, ആവശ്യാനുസരണം 4–4–2ലേക്ക് മാറ്റംവരുത്താവന്ന വിധമായാരിക്കും ഇന്ന് മൊറോക്കോയ്ക്കെതിരെ ഇറങ്ങുക. അങ്ങനെയെങ്കില്‍, മുന്നേറ്റത്തെ മത്തേയൂസ് കൂന്യ നയിച്ചേക്കും. പിറകില്‍ റഫീഞ്ഞ, വിനിഷ്യസ്, പക്വറ്റ എന്നിങ്ങനെ. മധ്യനിരയില്‍ ബ്രൂണോയും കസിമെറോയും കളിമെനയും. പ്രതിരോധം മാര്‍ക്വിനോസ്, ഗ്രബ്രിയേല്‍, ഡനിലോ, അലക്സ് സാന്ദ്രോ എന്നിങ്ങനെ സാധ്യതകള്‍. പതിവ് പോലെ, വിനീഷ്യസിനെ കേന്ദ്രീകരിച്ച് ആക്രമണത്തിന്‍റെ ഗതി മെനെഞ്ഞേക്കാമെങ്കിലും റഫീഞ്ഞയെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളും പ്രതീക്ഷിക്കാം. മുന്നേറ്റത്തില്‍ പകരക്കാരുടെ ബഞ്ച് സമ്പന്നമാണ്. യഥാസമയം, എന്‍ട്രികും മാര്‍ട്ടിനലിയും അടക്കം കളംപിടിച്ചേക്കും.

മൊറോക്കോ എങ്ങനെ മുന്നേറും ?

ആധുനിക ഫുട്ബോളിലെ, ‘ടോട്ടല്‍ ഫുട്ബോള്‍’ പ്രതീകങ്ങളിലൊന്നാണ് മൊറോക്കോ. ഫിഫറാങ്കില്‍ ഇപ്പോള്‍ ഏഴാമത്. ബ്രസീല്‍ തൊട്ടുമുകളില്‍ മാത്രം. ആറാമത്. ഖത്തറില്‍ പോര്‍ച്ചുഗലിനെ കണ്ണീരണിയിച്ച് സെമിഫൈലിസ്റ്റുകളായതോ, ആഫ്രിക്കന്‍ കപ്പ് ജേതാക്കളായതോ മാത്രമല്ല, തുടര്‍ന്നു പടിപടിയായി മെച്ചപ്പെടുത്തിയ ‘ക്ലീന്‍’ ടീമാണ് ഇന്നത്തെ മൊറോക്കോ. അച്ചടക്കമുള്ള, എതിരാളിക്ക് പഴുതൊരുക്കാത്ത പ്രതിരോധക്കരുത്താണ് മുഖ്യം. അതിലൂന്നിയാണ് കളിയുടെ ഗതി നിശ്ചയിക്കാറുള്ളതെങ്കിലും, ഒപ്പത്തിനൊപ്പം വഴക്കമുള്ള, പ്രത്യാക്രമണ ശേഷിയുള്ള മധ്യനിരയും മുന്നേറ്റക്കാരുമുണ്ട്. ഒടുവില്‍, 2023–ല്‍ സൗഹൃദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 2–1ന് ബ്രസീല്‍ തോറ്റു. മൊറോക്കോയുടെ ബോള്‍റിക്കവറിയിലും പ്രസിങ്ങിലും വിയര്‍ക്കുന്ന ബ്രസീലിനെയാണ് അന്ന് കണ്ടത്. പി.എസ്.ജി കുന്തമുന, അച്റഫ് ഹക്കീമി മാത്രമല്ല, യൂറോപ്യന്‍ ടോപ് ഡിവിഷനില്‍ കളിക്കുന്ന ഒരുപിടി താരങ്ങളുടെ ബലമുള്ളവരാണ്. എന്നാല്‍ മുന്നേറ്റത്തില്‍ ആബ്ദേ എസല്‍സോലിയുടേയും പ്രതിരോധത്തില്‍ നയഫ് അഗുറദിന്‍റെയും പരുക്ക് മൊറോക്കൊയ്ക്ക് തിരിച്ചടിയാണ്. 4–2–3–1 ഫോര്‍മേഷനില്‍ തന്നെ മൊറോക്കോയും ഇറങ്ങിയേക്കാം. വലതുവിങ്ങിലൂടെ അഷ്റഫ് ഹക്കീമി മെനയുന്ന നീക്കങ്ങള്‍ തന്നെയാകും ബ്രസീലിന് വലിയ വെല്ലുവിളിയാവുക. ഏത് കിണഞ്ഞ സന്ദര്‍ഭത്തിലും പന്ത് വലയിലെത്തിക്കാന്‍ ശേഷിയുള്ള മുന്നേറ്റക്കാരന്‍ എല്‍കാബിയെ കൂടി പൂട്ടാനായാല്‍, ബ്രസീലിനിന് ആനന്ദം ബാക്കിയാകും. 

സമ്മര്‍ദം കൂടുതല്‍ ആര്‍ക്ക് ?

തീര്‍ച്ചയായും ബ്രസീലിനുതന്നെ, ഗോള്‍ക്കീപ്പര്‍ ആലിസണ്‍ ബെക്കറിന്‍റെ അഭിപ്രായത്തില്‍ ബ്രസീലില്‍ ഇന്ന് പ്രസിഡന്‍റിനേക്കാള്‍ വലിയ സമ്മര്‍ദം രാജ്യത്തിന്‍റെ ഫുട്ബോള്‍ ടീം പരിശീലകള്‍ കാര്‍ലോ ആ‍ഞ്ചലോട്ടിക്കാണ്. ഒരര്‍ഥത്തില്‍ സംഗതി ശരിയുമാണ്. ചരിത്രഭാരം ചില്ലറയല്ല. 2002ലാണ് അവസാനം കപ്പുയര്‍ത്തിയത്.  24 കൊല്ലമായി, കാത്തിരിപ്പ് തുടരുന്നു. ഊണിലും ഉറക്കിലും ഫുട്ബോളെന്ന് ചിന്തിക്കുന്ന, മന്ത്രിക്കുന്ന ജനതയ്ക്ക് ഈ നീണ്ട കാത്തിരിപ്പ് എന്നത് അസഹനീയമായിക്കഴിഞ്ഞു. ആസമ്മര്‍ദം ഖത്തറില്‍ കണ്ടു. ഇവിടെയും. പക്ഷേ, തന്‍റെ ടീമില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്ന ആഞ്ചലോട്ടിയില്‍ പ്രതീക്ഷിക്കുകയാണ് ഓരോ ആരാധകരും. ടീമിന്‍റെ പരിമിതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനം ചെന്നെത്തുന്നത് ആ വാക്കിലാണ്..‘ആഞ്ചലോട്ടി, അയാള്‍ അതിന് എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും !’

ENGLISH SUMMARY:

Brazil's football team faces Morocco with coach Carlo Ancelotti emphasizing respect and preparedness, even without Neymar. The team is strategizing to overcome challenges, acknowledging their limitations while building confidence for the crucial match.