Image Credit:X/nettermike

Image Credit:X/nettermike

ആരാധകരാണ് ഫുട്ബോളിന്‍റെ സര്‍വസ്വവും. കളി കാണാന്‍ അവരെത്തിയില്ലെങ്കില്‍ പിന്നെന്ത് ലോകകപ്പ്? എന്തായാലും ടിക്കറ്റിന്‍റെ തീ വില കാരണം ശൂന്യമായിക്കിടക്കുകയാണ് ഗാലറികളെന്നാണ് റിപ്പോര്‍ട്ട്. ഫുട്ബോള്‍, പ്രത്യേകിച്ചും സാധാരണക്കാരന്‍റെ കളിയാണെന്നും ടിക്കറ്റിന് ലോകത്തില്ലാത്ത വിലയീടാക്കി ജനങ്ങളെ പിഴിയാന്‍ ഫിഫ നില്‍ക്കുന്നത് ശരിയല്ലെന്നും വിമര്‍ശനം വ്യാപകമായിട്ടുണ്ട്. 

ദക്ഷിണ കൊറിയ– ചെക്കിയ മല്‍സരത്തിനിടെയാണ് ഗാലറിയിലെ പല ഭാഗങ്ങളും ശൂന്യമായിക്കിടന്നത്. ഗ്വാഡലജാര സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആളില്ലെന്നത് അതിവേഗം വൈറലാകുകയും ചെയ്തു. എന്നാലിതാ ആളില്ലാത്ത സ്ഥിതി ഉണ്ടായിട്ടില്ലെന്നാണ് ഫിഫ പറയുന്നത്. ആരാധകര്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് കോണ്‍കോഴ്സില്‍ നിന്നതാണ് കളി കാണാന്‍ ആളില്ലെന്ന് തോന്നാന്‍ കാരണമെന്നാണ് ഫിഫയുടെ വിശദീകരണം. 45,664 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഇതില്‍ 44,985 സീറ്റുകളില്‍ ആളുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 

വെള്ളിയാഴ്ച ടൊറന്‍റോയില്‍ കാനഡയുടെ കളി നടക്കുമ്പോള്‍ സ്റ്റേഡിയം ഏറെക്കുറെ നിറഞ്ഞിരുന്നു. എന്നാലും ചിലയിടങ്ങള്‍ ഒഴിഞ്ഞു കിടന്നു. ടൂര്‍ണമെന്‍റ് നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ഏറ്റവും ചെറുതാണ് ടൊറന്‍റോയിലേത്. 43,036 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണിതിനുള്ളത്. വെള്ളിയാഴ്ചത്തെ കളി കാണാന്‍ 43,002 പേര്‍ എത്തിയെന്നാണ് കണക്ക്. 

യുഎസിലെ 11 സ്റ്റേഡിയങ്ങളിലും മെക്സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടും സ്റ്റേഡിയങ്ങളിലായി നടക്കുന്ന കളി കാണുന്നതിനായി റെക്കോര്‍ഡ് തുകയാണ് ഫിഫ ഈടാക്കുന്നത്. ഡിമാന്‍ഡ്, ടീമുകളുടെ താരമൂല്യം തുടങ്ങിയവ കണക്കിലെടുത്തുള്ള ഡൈനാമിക് പ്രൈസിങ് ആണ് ഫിഫ ടിക്കറ്റില്‍ നടപ്പിലാക്കുന്നത്. അമേരിക്കന്‍ ആരാധകര്‍ക്ക് താങ്ങാനാവാത്ത നിരക്ക് ഈടാക്കുന്നില്ലെന്നായിരുന്നു ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ വിശദീകരണം. എന്നാല്‍ ലോകകപ്പ് മല്‍സരങ്ങള്‍ സാധാരണക്കാരന് കൂടി പ്രാപ്യമായ നിലയിലേക്ക് മാറണമെന്നും ഫിഫയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും മുന്‍താരങ്ങളടക്കം പ്രതികരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

FIFA has issued a bizarre justification for the visibly empty stands during the World Cup 2026 group stage match between South Korea and Czechia at the Guadalajara Stadium. Despite social media footage showing large vacant sections in the 45,664-capacity arena, football’s governing body claimed an official attendance of 44,985 spectators. FIFA officials explained the empty seats by suggesting that fans were simply away from their designated spots, spending time in the stadium concourses rather than watching from the stands. This discrepancy has fueled intense public criticism regarding the "exorbitant" ticket costs, which many argue are pricing out the average football fan. While venues like Toronto saw near-capacity crowds for Canada’s fixtures, the implementation of "dynamic pricing" based on team popularity has led to massive variations in accessibility. Former players and fans alike have slammed FIFA President Gianni Infantino’s defense of the pricing model, demanding that the "people’s game" remain affordable for the general public.