ലോകകപ്പ് കാണാന്‍ അമേരിക്കയിലേക്ക് വീസ ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വീസ ലഭിക്കാത്ത അര്‍ജന്റീനക്കാര്‍ ഇപ്പോള്‍ ഹാപ്പിയാണ്. ഫ്രീയായിട്ട് ഒരു ടിവിയാണ് ഇവര്‍ക്ക് കിട്ടിയത്.
ലോകകപ്പിന് യാത്രാവിസ നിഷേധിക്കപ്പെട്ട ആരാധകർക്ക് സൗജന്യമായി ടെലിവിഷനുകൾ നൽകുകയാണ് അർജന്റീനിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ നോബ്ലെക്സ്. ഒരു ദിവസം നീളുന്ന സമ്മാന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്. യുഎസ് അല്ലെങ്കിൽ കനേഡിയൻ കോൺസുലേറ്റ് വീസ നിഷേധിച്ചെന്ന് തെളിയിക്കുന്ന ഔദ്യോഗിക കത്തുമായി എത്തുന്നവര്‍ക്ക് ആദ്യത്തെ 100 പേർക്ക് സൗജന്യമായി ടെലിവിഷൻ നല്‍കി. 2026 ജനുവരി ഒന്നിനും ജൂൺ 10-നും ഇടയിൽ വിസ അപേക്ഷ നിരസിക്കപ്പെട്ടവർക്കാണ് അർഹത.
ടെലിവിഷന്‍ പൂര്‍ണമായും സൗജന്യമെന്ന് പറയാനാകില്ല. ടിവി കൈപ്പറ്റുന്നവർ, കരാറിന്റെ ഭാഗമായി തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള അവകാശം കമ്പനിക്ക് നല്‍കണം. ലോകകപ്പ് കാലത്ത് ഇത്തരം വേറിട്ട മാർക്കറ്റിംഗ് തന്ത്രങ്ങൾ പയറ്റുന്നത് നോബ്ലെക്സിന്റെ പതിവാണ്. 2018-ൽ അർജന്റീന യോഗ്യത നേടിയില്ലെങ്കിൽ പണം തിരികെ നൽകുമെന്നും 2022-ൽ ഖത്തറിൽ ദേശീയ ടീം കിരീടം നേടിയപ്പോൾ 'പാഗ ദിയോസ്' അഥവാ ദൈവം പണം നൽകും എന്ന പേരിൽ പണം കൈമാറിയതും ഉദാഹരണങ്ങളാണ്.