ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ന് ആതിഥേയരായ അമേരിക്ക – പാരഗ്വായെ നേരിടും. 96 വര്‍ഷത്തിന് ശേഷമാണ് ഇരുടീമും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരയ്ക്കാണ് മല്‍സരം. രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മല്‍സരത്തില്‍ കാനഡ – ബോസ്നിയയെ നേരിടും.
കണക്കുകളിലും പ്രവചനങ്ങളിലും പാരഗ്വായ്ക്ക് മേല്‍ വലിയ മുന്‍തൂക്കമുണ്ട് അമേരിക്കയ്ക്ക്. 9 തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് ജയം. രണ്ട് സമനില. ഇതിന് മുന്‍പ് ലോകകപ്പില്‍ 1930ല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബെര്‍ട്ട് പാറ്റനോഡിന്റെ ഹാട്രിക്കില്‍ വിജയം അമേരിക്കയ്ക്ക്. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് പോരാട്ടത്തിന് ടീമുകളെ ഒരുക്കുന്നത് രണ്ട് അര്‍ജന്റൈന്‍ പരിശീലകര്‍. തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമിലേക്ക് മാറുന്ന അമേരിക്കയും പ്രതിരോധക്കോട്ട തീര്‍ത്ത് എതിരാളികളുടെ മനസ് തളര്‍ത്തുന്ന പാരഗ്വായും. സ്കോറിങ്ങിന് തിടുക്കം കാട്ടാത്ത പാരഗ്വായ്ക്ക് കൗണ്ടര്‍ അറ്റാക്കും സെറ്റ് പീസുകളുമാണ് ഗോള്‍വഴികള്‍. യോഗ്യതാറൗണ്ടില്‍ നാല് ഗോളുമായി മേഖലയിലെ ടോപ്സ്കോററായ ടോണി സനാബ്രിയയാണ് സ്കോറിങ് ബൂട്ട്.
ക്യാപ്റ്റന്‍ ഗുസ്താവോ ഗോമസും സണ്ടര്‍ലാന്‍ഡിന്റെ ഒമര്‍ അല്‍ഡറേറ്റും നയിക്കുന്ന പാരഗ്വായ് പ്രതിരോധം പൊളിക്കുക അത്ര എളുപ്പമാകില്ല യുഎസിന്. എങ്കിലും ഹോം ഗ്രൗണ്ടില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റേയും സ്കോറിങ് മെഷീന്‍ ഫൊളാരിൻ ബാലോഗന്റേയും ബൂട്ടുകള്‍ക്ക് കരുത്തുകൂടും. പോയ സീസണില്‍ 19 ഗോളുകളാണ് ബാലോഗന്‍ അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അമേരിക്കയ്ക്ക് സ്വന്തം നാട്ടില്‍ അവസാന നാലില്‍ എത്തുകയാണ് ലക്ഷ്യം. ഗ്രൂപ്പ് ബിയില്‍, മൂന്നാം ലോകകപ്പ് കളിക്കുന്ന കാനഡയ്ക്ക് ബോസ്നിയയ്ക്കെതിരെ വിജയിച്ചാല്‍ അത് ചരിത്രമാണ്. ഇതുവരെ ഒറ്റക്കളി പോലും ലോകകപ്പില്‍ ജയിക്കാന്‍ കാനഡയ്ക്ക് ആയിട്ടില്ല. ഇറ്റലിയെ പ്ലേ ഓഫ് പോരാട്ടത്തില്‍ പുറത്താക്കി എത്തുന്ന ബോസ്നിയയെ അത്രയെളുപ്പം കീഴടക്കാനാകില്ലെന്ന് ആതിഥേയര്‍ക്കുമറിയാം.