Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 Mexico's Raul Jimenez celebrates scoring their second goal with Gilberto Mora and Julian Quinones REUTERS/Raquel Cunha
മെക്സിക്കോ–ദക്ഷിണാഫ്രിക്ക മല്‍സരം തുടങ്ങി ഒന്‍പത് മിനിറ്റ്..മധ്യനിരയില്‍ നിന്ന് ബോക്സിലേക്ക് മനോഹരമായ ത്രൂ പാസ് ഹൂലിയന്‍ കിന്യോണിസിലേക്ക്.. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ ഓഫ്‌സൈഡ് ട്രാപ്പ് കൃത്യമായി തകർത്ത് കിന്യോണിസിന്‍റെ ക്ലിനിക്കല്‍ ഫിനിഷ്..ഫിഫ ലോകകപ്പ് 2026 ലെ ആദ്യ ഗോള്‍. അസ്ടെക്ക ആര്‍പ്പുവിളികളില്‍ 'കുലുങ്ങി'. കന്നി ലോകകപ്പില്‍ ഗോളോടെ തുടങ്ങിയതില്‍ പെലെയുടെ പേരിനൊപ്പം തന്‍റെ പേരും കൂടിയാണ് കിന്യോണിസ് ചേര്‍ത്തുവയ്ക്കുന്നത്.
കൊളംബിയയിലാണ് കിന്യോണിസ് ജനിച്ചതും വളര്‍ന്നതും. യൂത്ത്, ഇന്‍റര്‍നാഷനല്‍ ടീമുകളില്‍ കളിച്ചിരുന്ന കിന്യോണിസിന് പക്ഷേ സീനിയര്‍ ടീമിലിടം കിട്ടിയിരുന്നില്ല. 2016 മുതല്‍ മെക്സിക്കന്‍ ക്ലബ് ഫുട്ബോളില്‍ താരം സജീവമായി. 2023 ല്‍ മെക്സിക്കന്‍ പൗരത്വം ലഭിച്ചതോടെ രാജ്യാന്തര ഫുട്ബോളിലേക്കും വഴി തുറക്കുകയായിരുന്നു. ഒരു മാസം വൈകാതെ ദേശീയ ടീമിലും കിന്യോണിസ് ഇടം പിടിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 16 ദശലക്ഷം ഡോളറിനാണ് 2024 ല്‍ കിന്യോണിസ് സൗദി പ്രോ ലീഗിലേക്ക് അല്‍ ഖ്വാദിഷ് താരമായി എത്തുന്നത്. ഇക്കുറി ലീഗിലെ സുവര്‍ണ പാദുകങ്ങളുമായാണ് 29കാരനായ താരം മടങ്ങിയത്.
കളിയുടെ 67–ാം മിനിറ്റിലാണ് മെക്സിക്കോ രണ്ടാം ഗോള്‍ നേടിയത്. റോബർട്ടോ അൽവരാഡോയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയായിരുന്നു ഹിമെനെസിന്‍റെ ഗോള്‍. തൊട്ടടുത്ത നിമിഷം ആകാശത്തേക്ക് കൈകളുയര്‍ത്തി ഹിമെനെസ് വിതുമ്പി. മരിച്ചു പോയ അച്ഛന് സമര്‍പ്പിക്കുകയായിരുന്നു ആ ഗോള്‍.
അസാധാരണ പോരാട്ടവീര്യത്തിന്‍റെയും മടങ്ങിവരവിന്‍റെയും കഥയാണ് 35കാരനായ ഹിമെനെസിന് പറയാനുള്ളത്. 2020 ല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനായി കളിക്കുന്നതിനിടെ ആഴ്സനല്‍ താരം ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് ഹിമെനെസിന്‍റെ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റു. തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അതിന് ശേഷം ഹെഡ്ഗിയര് വച്ചാണ് ഹിമെനെസ് കളിക്കാനിറങ്ങുന്നത്.
തലയോട്ടിക്കേറ്റ പരുക്കിനെ തുടര്‍ന്ന് എട്ടുമാസമാണ് കളിക്കളത്തിന് ഹിമെനെസിന് പുറത്തിരിക്കേണ്ടി വന്നത്. പരുക്ക് ഭേദമായി 2021 ഓഗസ്റ്റില്‍ മടങ്ങിയെത്തിയ താരം പിന്നീട് ആദ്യം നേടിയ ഗോള്‍ കുടുംബത്തിനും തന്നെ പരിചരിച്ച മെഡിക്കല്‍ സംഘത്തിനുമാണ് സമര്‍പ്പിച്ചത്. പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ എടുത്ത 14 പെനല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച താരമെന്ന റെക്കോര്‍ഡും ഈ മെക്സിക്കന്‍ സ്ട്രൈക്കറുടെ പേരിലാണ്.