കൈവിരിച്ചു നിന്നാൽ ഗോൾപോസ്റ്റിന്റെ വാതിലടയും, അതാണ് ബെല്‍ജിയത്തിന്റെ തിബോ കോർട്ടോ. ആറടി ഏഴിഞ്ച് ഉയരമുള്ള തിബോയുടെ കൈകള്‍ എത്താത്ത ഒരിടവും ഗോൾവലയ്ക്കു മുന്നിലില്ലെന്ന് പറയാം. ബെൽജിയത്തിന്റെ സുവര്‍ണതലമുറയില്‍ സുവര്‍ണശോഭയോടെ മികവ് തുടരുന്ന തിബോ കോർട്ടോ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചേക്കും. 

ഈജിപ്തിനെതിരായ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് ടീം തയാറെടുക്കുന്നതിനിടെ തിബോ കോര്‍ട്ടോ തന്നെയാണ് വിരമിക്കല്‍ സൂചന നല്‍കിയത്. 2011-ൽ ടീമിനായി അരങ്ങേറി 109 മത്സരങ്ങൾ കളിച്ച മുപ്പത്തിനാലുകാരനായ താരം, കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റിന് ശേഷം പുതിയ തലമുറയ്ക്ക് വഴിമാറേണ്ട സമയമായെന്ന് സൂചിപ്പിച്ചു. "ഭാവി കാര്യങ്ങൾ സംസാരിക്കാനുള്ള സമയമാണോ ഇതെന്ന് എനിക്കറിയില്ല. പക്ഷേ, ഈ ടൂർണമെന്റിനു ശേഷവും ഞാൻ തുടരുന്നതിനേക്കാൾ കൂടുതൽ സാധ്യത വിരമിക്കാനാണ്," ബെൽജിയൻ ടീം ബേസിൽ വച്ച് തിബോ കോര്‍ട്ടോ മാധ്യമങ്ങളോട് മനസ് തുറന്നു. "ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കളത്തിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് ശരീരത്തെ നന്നായി പരിപാലിക്കേണ്ടതുണ്ട്. ഇതെന്റെ അവസാനത്തെ ടൂർണമെന്റ് ആയേക്കാമെന്നതിനാലാണ് കുടുംബവും ഒപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ പരിശീലകൻ ഡൊമെനിക്കോ ടെഡെസ്കോയുടെ കീഴിൽ ചില രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അനുവാദം ലഭിച്ചിരുന്നെന്നും അത് തന്റെ ചിന്തകളെ സ്വാധീനിച്ചെന്നും കോര്‍ട്ടോ പറഞ്ഞു. അത്തരം ഇടവേളകളിൽ വിശ്രമിക്കാനും ജിമ്മിൽ കൂടുതൽ ശ്രദ്ധയോടെ പരിശീലനം നടത്താനും സാധിക്കുമെന്ന് മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നര വർഷത്തിനിടെ ചെറിയ പരുക്കുകളും ശാരീരിക പ്രശ്നങ്ങളും കൂടിയിട്ടുണ്ട്. ഇതും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇടയായെന്നാണ് താരത്തിന്റെ പ്രതികരണം.

2014 ലോകകപ്പിൽ ക്വാർട്ടറിലും 2018ലോകകപ്പിൽ സെമിയിലുമെത്തിയ ടീം ആ വർഷം മൂന്നാം സ്ഥാനവുമായാണു മടങ്ങിയത്. രണ്ടു ക്ലീൻഷീറ്റുകളും 27 സേവുകളുമായി ബൽജിയത്തിന്റെ വിശ്വസ്ത കാവൽക്കാരനായ കോർട്ടോ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി. ക്ലോസ് റേഞ്ച് ഷോട്ടുകൾ തടുക്കാനുള്ള ശേഷി, പൊസിഷനിങ്ങിലെ കൃത്യത, മാനസികവും ശാരീരികവുമായി കളിക്കളത്തിൽ നേടുന്ന മേധാവിത്തം തുടങ്ങിയവയിൽ ഇന്നും തിബോ കോര്‍ട്ടോ മുന്നില്‍ത്തന്നെ.  2011ല്‍ ടീമിലെത്തിയ തിബോ കോര്‍ട്ടോ 109തവണ ബെല്‍ജിയത്തിന്റെ ഗോള്‍വല കാത്തു.

ENGLISH SUMMARY:

Thibaut Courtois retirement from international football is hinted at by the Belgian goalkeeper himself. The 34-year-old, who has played 109 matches since his debut in 2011, feels it might be time to make way for the next generation after the upcoming tournament.