ലോകകപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന അർജന്റീന ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ മാറ്റമില്ലാതെ തുടരുന്ന സ്പെയിനാണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി മൂന്നാമതായി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറാന്‍ റാങ്കിങ്ങും നിര്‍ണായകമാണ്.
കൻസാസ് സിറ്റിയിൽ ചൊവ്വാഴ്ച അൽജീരിയയ്‌ക്കെതിരായ മത്സരത്തോടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമിടുന്ന അർജന്റീന, 2025 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഐസ്‌ലൻഡ്, ഹോണ്ടുറാസ് എന്നിവർക്കെതിരായ സന്നാഹ മത്സരങ്ങളിലെ വിജയമാണ് അർജന്റീനയെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒന്നാമതെത്തിച്ചത്. ഐവറി കോസ്റ്റിനോട് തോറ്റതോടെയാണ് ഫ്രാൻസിന് ഒന്നാം സ്ഥാനം നഷ്ടമായത്.
ഇംഗ്ലണ്ടിനും പോർച്ചുഗലിനും മുന്നിലായി മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്. ബ്രസീൽ, മൊറോക്കോ, നെതർലൻഡ്‌സ്, ബെൽജിയം, ജർമനി എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു. 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ വിപുലീകരിച്ച ലോകകപ്പിൽ ഈ റാങ്കിങ്ങിന് നിർണായക പങ്കുണ്ട്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ടോ അതിലധികമോ ടീമുകൾക്ക് ഒരേ പോയിന്റ് വന്നാൽ, അന്തിമ ടൈബ്രേക്കറായി റാങ്കിങ് പരിഗണിക്കും.