ഇതിഹാസ താരങ്ങളായ മെസിയും റോണോയും ഒച്ചോവയും തങ്ങളുടെ ആറാം ലോകകപ്പിനാണ് തയ്യാറെടുക്കുന്നത്. ഇനിയൊരു വിശ്വകിരീട വേദി ഇവരെ കാത്തുണ്ടാകുമോയെന്ന് തീര്‍ച്ചയില്ല. അതിനാല്‍ 'ദ് ലാസ്റ്റ് ഡാന്‍സ്' ആടിത്തിമിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മൂവരും.
സര്‍വലോകവും ജയിച്ചൊരാള്‍, ലോകകിരീടത്തിന്റെ മാത്രം അഭാവത്തില്‍ മറ്റൊരാള്‍, പ്രതിഭാസമാകാന്‍ കാത്തിരിക്കുന്ന മൂന്നാമന്‍. മൂവരും ആറാം ലോകകപ്പിന് ബൂട്ടുകെട്ടുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിത് സംതിങ് സ്പെഷ്യലാണ്. അര്‍ജന്റീനയുടെ ലയണല്‍ മെസി ഇക്കുറി ഇറങ്ങുന്നത് 2022 ന്റെ തനിയാവര്‍ത്തനം പ്രതീക്ഷിച്ചാണ്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരം, ഏറ്റവും കൂടുതല്‍ അസിസ്റ്റ് അങ്ങനെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച മെസിക്ക് മുന്നില്‍ ഇനി ഏതെല്ലാം റെക്കോര്‍ഡുകള്‍ വീണുടയുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മറുവശത്ത് തങ്ങളുടെ ഇതിഹാസത്തിന് കനകകിരീടം നേടിക്കൊടുക്കാനാണ് പറങ്കിപ്പട ഇറങ്ങുന്നത്. എല്ലാ ലോകകപ്പുകളിലും ഗോള്‍ നേടിയ താരമെന്ന അപൂര്‍വ നേട്ടവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൈമുതലായുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായി റോബര്‍ട്ടോ മാര്‍ട്ടിനസ് ഇറങ്ങുന്നത് ലോകകപ്പ് എന്ന ഒറ്റ ലക്ഷ്യത്തിനായാണ്. മെക്സിക്കോയുടെ ഒന്നാം ഗോള്‍ കീപ്പര്‍ ലൂയിസ് ഏയ്ഞ്ചല്‍ മലഗോണ്‍ പരുക്കേറ്റ് പുറത്തായതോടെയാണ് കോച്ച് ജാവിയര്‍ അഗ്യൂറെ,ഗില്ലെര്‍മോ ഒച്ചോവയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 2014 മുതല്‍ കഴിഞ്ഞ ലോകകപ്പ് വരെ മെക്സിക്കോയുടെ ആദ്യ മല്‍സരങ്ങളില്‍ ഗോള്‍വല കാത്തത് ഒച്ചോവയായിരുന്നു.