Soccer Football - FIFA World Cup 2026 - Mexico Press Conference - Estadio Azteca, Mexico City, Mexico - June 10, 2026 Mexico coach Javier Aguirre during the press conference REUTERS/Henry Romero
ലോകകപ്പിന്റെ ഉദ്ഘാടന ദിവസം കളത്തിലിറങ്ങുമ്പോൾ മെക്സിക്കോയ്ക്ക് കാലിടറുന്നത് പതിവാണ്. ഇതിനു മുൻപ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോൾ അഞ്ചിലും തോൽവിയായിരുന്നു ഫലം. രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. ഇക്കുറി മെക്സിക്കോയുടെ എതിരാളി ദക്ഷിണാഫ്രിക്ക ആണ്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുന്നത്. ജൊഹാനസ്ബർഗിൽ അന്ന് നടന്ന ആ മത്സരം 1-1 സമനിലയിൽ ആണ് അവസാനിച്ചത്. ഇക്കുറി തുടർച്ചയായി ഏഴ് മത്സരങ്ങളിൽ അപരാജിതരായാണ് മെക്സിക്കോ ഉദ്ഘാടന മല്‍സരത്തിന് ഇറങ്ങുന്നത്. "ഇത് ഞങ്ങൾക്ക് മഹത്തായ ഒരു ദിവസമായേക്കാം. എന്തുതന്നെയായാലും, പതിറ്റാണ്ടുകളോളം ഓർമിക്കപ്പെടുന്ന ഒരു ആഘോഷമായിരിക്കും ഇത്," പരിശീലകൻ ഹവിയർ അഗിരെ പറഞ്ഞു.
1986ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ മെക്സിക്കോയ്ക്കായി കളിച്ചതാരമാണ് അഗിരെ. അന്ന് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കൻ ടീം കളിച്ചില്ലെങ്കിലും ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു.1930, 1950, 1954, 1958, 1962 ലോകകപ്പുകളിൽ മെക്സിക്കോ തങ്ങളുടെ ഉദ്ഘാടന മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. 1970ൽ സ്വന്തം നാട്ടിലും 2010ലും മെക്സിക്കോ
സമനില വഴങ്ങി. മെക്സിക്കോയുടെ പരിശീലകനായ അഗിരെയും ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായ മുൻ ബൽജിയം താരം ഹ്യൂഗോ ബ്രൂസും അന്ന് നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. 'ബൽജിയത്തെ നേരിടാൻ ഞങ്ങൾ കളത്തിലിറങ്ങിയത് എത്രമാത്രം ആത്മവിശ്വാസത്തോടെയാണെന്ന് വ്യക്തമായി ഓർക്കുന്നു. മത്സരം മോശമാകില്ലെന്ന് ഉറപ്പായിരുന്നു. ബൽജിയം ഉയർത്തിയ വെല്ലുവിളി ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അന്നത്തെ മത്സരത്തിൽ കളിച്ച ദക്ഷിണാഫ്രിക്കൻ പരിശീലകനും ആ അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടാകുമെന്നും അഗിരെ കൂട്ടിച്ചേർത്തു.
2021 മേയിൽ പരിശീലകനായി ചുമതലയേറ്റ ബ്രൂസ്, 16 വർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയെ ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തു. 2023ലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടീമിന് മൂന്നാം സ്ഥാനവും നേടിക്കൊടുത്തിരുന്നു. 87,000 മെക്സിക്കൻ ആരാധകർക്ക് മുന്നിൽ കളിക്കുക എന്നത് തീർച്ചയായും വലിയ വെല്ലുവിളിയാണ്. പക്ഷേ, മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ കളിക്കാരോട് പറയുകയെന്നും ബ്രൂസ് പറഞ്ഞു.