ലോകകപ്പ് ശാപം തീർക്കാനാണ് ജര്‍മനി വടക്കേ അമേരിക്കയിലെത്തുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പ് തെക്കെ അമേരിക്കയില്‍ കിരീടമുയർത്തിയ ശേഷം ലോകകപ്പിൽ ജർമനിക്ക് ആകെ നേടാനായത് രണ്ട് ജയങ്ങൾ മാത്രമാണ്. ഗ്രൂപ്പ് ഇ-യിൽ എതിരാളികളായി എത്തുന്നത് ഐവറി കോസ്റ്റ്, ഇക്വഡോർ, ലോകകപ്പിലെ പുതുമുഖങ്ങളായ കുറസാവോ എന്നിവരാണ്.
2014ൽ മാറക്കാന സ്റ്റേഡിയത്തിൽ കിരീടമുയര്‍ത്തിയ ശേഷം, ഫുട്ബോളിന്‍റെ ഏറ്റവും വലിയ വേദിയിൽ ജർമനിക്ക് നിരാശയുടെ നാളുകളാണ്. സ്വീഡനും കോസ്റ്ററിക്കയ്ക്കുമെതിരെ മാത്രമാണ് കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ജയിച്ചത്. 2023ൽ ചുമതലയേറ്റ പരിശീലകന്‍ യൂലിയാൻ നഗൽസ്മാന്‍റെ ആദ്യ ലോകകപ്പാണിത്. ഫ്ലോറിയന്‍ വിറ്റ്സും ജമാല്‍ മുസിയാലയും ഒന്നിക്കുന്നതാണ് ജര്‍മന്‍ മുന്നേറ്റനിര. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായും വിങ്ങറായും ബയണ്‍ മ്യൂണിക്കിനായി മികച്ച പ്രകടനം നടത്തിയ ലെനർട്ട് കാൾ ടീമിലുണ്ട്. പരിശീലന സെഷനില്‍ കാൾ – മുസിയാല – വിറ്റ്സ് എന്നിവരെ ഒരുമിപ്പിച്ച് ആക്രമണനിരയിൽ പുതിയ ത്രയത്തെ നഗൽസ്മാൻ പരീക്ഷിക്കുന്നുണ്ട്. നായകൻ ജോഷ്വ കിമ്മിച്ച്, ജൊനാതന്‍ താഹ്, നീക്കോ ഷ്ലോട്ടർബെക്ക്, ഡേവിഡ് റൗം എന്നിവരാകും പ്രതിരോധത്തിലെ നാലംഗനിര. എന്നാൽ സെൻട്രൽ മിഡ്ഫീൽഡിൽ ആര് കളിക്കുമെന്ന കാര്യത്തിൽ അത്ര ഉറപ്പില്ല. ലിയോൺ ഗോരറ്റ്സ്ക, അലക്സാണ്ടർ പാവ്ലോവിച്ച്, ഫീലിക്സ് കാലൂ, ഏഞ്ചലോ സ്റ്റില്ലർ എന്നിവരെല്ലാം ടീമിലുണ്ട്. ഫീലിക്സ് പരുക്കുമാറി തിരിച്ചെത്തിയിട്ടേയുള്ളൂ എന്നതിനാൽ ഗോരറ്റ്സ്കയും പാവ്ലോവിച്ചുമാണ് നിലവിലെ ഇഷ്ടക്കാർ.