ഈ ലോകകപ്പില്‍ ഒരു പ്രതിരോധതാരം കപ്പുയര്‍ത്തുകയാണെങ്കില്‍ അത് വിര്‍ജില്‍ വാന്‍ ഡൈക്ക് ആയിരിക്കും. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആണ് നെതര്‍ലന്‍ഡ്സിന്റെ വാന്‍ ഡൈക്ക്. സഹതാരങ്ങളെ, പ്രത്യേകിച്ച് യുവ കളിക്കാരെ സ്വാധീക്കുന്ന വാന്‍ ഡൈക്കാണ് നെതര്‍ലന്‍ഡിന്റെ നായകന്‍. സ്ഫോടനാത്മകമായ വേഗം, ചടുലത, എതിരാളികളെ നേരിടുന്നതിലെ കണിശമായ ടൈമിങ്, സെറ്റ് പീസിലെ മികവ്, ഇതെല്ലാം ചേര്‍ന്ന വിര്‍ജില്‍ വാൻ ഡൈക്കിനെ മറികടക്കുക എതിരാളികള്‍ക്ക് എളുപ്പമല്ല.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും ഉയർന്ന പാസിങ് കൃത്യത രേഖപ്പെടുത്തിയത് വാൻ ഡൈക്കാണ്. ആറടി അഞ്ച് ഇഞ്ച് ഉയരക്കാനായ വാന്‍ ഡൈക്കിനെ ഏരിയല്‍ ഡുവല്‍സില്‍ കീഴ്പ്പെടുത്തുക അസാധ്യം. എതിരാളെ എപ്പോള്‍ എങ്ങനെ ടാക്ലിള്‍ ചെയ്യണമെന്ന് വാന്‍ഡൈക്കിന് നന്നായി അറിയാം. എതിരാളിയെ ഗോളിലേക്കുള്ള ഷോട്ടിലേക്ക് വൈകിപ്പിക്കുക, അവരെ പിഴവ് വരുത്താന്‍ നിര്‍ബന്ധിതരാക്കുക എന്നതും വാന്‍ ഡൈക്കിന്റെ മികവാണ്.
പ്രതിരോധനിരയെ വാൻ ഡൈക്ക് നിയന്ത്രിക്കുന്നത് കണ്ടാല്‍ ആർക്കും മതിപ്പു തോന്നും. സെൻട്രൽ ഡിഫൻസിന്റെ ഇടതുവശത്ത് നിലയുറപ്പിക്കുന്ന അദ്ദേഹം കളിയുടെ സർവനിയന്ത്രണവും ഏറ്റെടുക്കുന്നു. ടീമിന്റെ ഘടന നിരന്തരം ക്രമീകരിക്കുന്നതില്‍ വാന്‍ ഡൈക് മിടുക്കനാണ്. പന്തിന് പിന്നിൽ കൃത്യമായ ഒരു പ്രതിരോധ ഘടനയൊരുക്കി പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകൾക്കുള്ള സാധ്യത അദ്ദേഹം ഇല്ലാതാക്കുന്നു. കളി മുൻകൂട്ടി കാണാനുള്ള ഈ കഴിവ് അദ്ദേഹത്തിന്റെ പ്രതിരോധ ശൈലിയുടെ പ്രത്യേകതയാണ്. അനാവശ്യ ടാക്കിളുകൾക്ക് അദ്ദേഹം മുതിരുന്നത് വിരളം. എതിര്‍ ടീമിന്റെ ഭീഷണികൾ നേരത്തേ തിരിച്ചറിഞ്ഞ്, തന്ത്രപരമായി നില ഉറപ്പിക്കുന്നതിലൂടെ വാൻ ഡൈക്കിന് കളത്തിൽ പിഴവുകൾ സംഭവിക്കാറില്ല എന്നുപറയാം.
വാന്‍ഡൈക്കിന്റെ പാസുകളിൽ ഏറെയും മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയം, വാൻ ഡൈക്കിന്റെ മുന്നോട്ടുള്ള പാസുകളിൽ വലിയൊരു പങ്കും മൈതാനത്തിന്റെ ഏറ്റവും നിർണായകമായ ആക്രമണ മേഖലയായ 'ഫൈനൽ തേഡി'ൽ എത്തുന്നു എന്നതാണ്. ലോങ് റേഞ്ച് ഡിസ്ട്രിബ്യൂഷനില്‍ വാന്‍ ഡൈക്കിന്റെ മികവ് ഒന്ന് വേറെതന്നെ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധതാരമെന്ന ഖ്യാതിയുമായിട്ടാണ് 2018ല്‍ സതാംപ്ടണിൽ നിന്ന് റെക്കോഡ് തുകയ്ക്ക് ലിവര്‍ പൂളിലെത്തിയത്. ടീമിന് നൽകുന്ന ഊർജം, സഹതാരങ്ങളെ, പ്രത്യേകിച്ച് യുവ കളിക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രീതി ഇതെല്ലാം വാൻ ഡൈകിന്റെ ഗുണങ്ങളാണ്.