pedri-italy

TOPICS COVERED

ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന്റെ മുന്നേറ്റത്തിന്റെ ഗതിനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുക പെഡ്രി ആയിരിക്കും. അസാമാന്യ സാങ്കേതിക മികവാണ് പെ‌ഡ്രിയുടെ കരുത്ത്. ഇതിഹാസതാരം ഇനിയെസ്റ്റയുടെ പിന്‍ഗാമിയായിട്ടണ് പെഡ്രിയെ കാണുന്നത്. 

കളി നോക്കിയിരുന്നാല്‍ പെ‍ഡ്രിയെ കണ്ടെന്ന് വരില്ല. എന്നാല്‍ പെഡ്രിയെ നോക്കിയിരുന്നാല്‍ കളി മുഴുവനായും കാണാം. അതാണ് മൈതാനത്ത് പെഡ്രി തീര്‍ക്കുന്ന വിസ്മയം. അറ്റാക്കിങ് മിഡ്ഫീൽഡറായും മധ്യനിരയിലുമുള്ള മറ്റ് റോളുകളിലും കളിക്കാൻ പെഡ്രിക്ക് കഴിവുണ്ട്. ചില അവസരങ്ങളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ഫോർവേഡ് ആയും വരെ പെഡ്രി കളത്തിലിറങ്ങിയിട്ടുണ്ട്. ഇതാണ് പെഡ്രിയെ നോക്കിയിരുന്നാല്‍ കളി മുഴുവനായും കാണാം എന്നുപറയുന്നതിന്റെ പ്രധാനകാരണം. അസാമാന്യമായ സാങ്കേതിക മികവ്, ഡ്രിബ്ലിങ്, പ്രതിരോധം പിളർക്കുന്ന പാസുകൾ , സമ്മർദ്ദഘട്ടങ്ങളിൽ പതറാത്ത ശാന്തതയും ,  ഇതെല്ലാം ചേര്‍ന്നാല്‍ പെഡ്രി ആയി. 

മധ്യനിരയിൽ ഒരു സ്വതന്ത്ര റോളിലാണ് പെഡ്രി സാധാരണയായി കളിക്കുന്നത്. കളത്തിൽ എവിടെയും എത്താന്‍  ഇത് അദ്ദേഹത്തിന് അവസരം നൽകുന്നു. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിലയുറപ്പിക്കാനും പ്രതിരോധ-മധ്യനിരകൾക്ക് ഇടയില്‍ കളിക്കാനാണ് പെഡ്രിക്ക്  കൂടുതൽ താൽപര്യം.  വിങ്ങുകളിലേക്ക് മാറി ടച്ച്‌ലൈനിലൂടെ ഓടിക്കയറി സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കാനും മികവുണ്ട്.

ഇനിയേസ്റ്റയുടെ പിൻഗാമിയായിട്ടാണു വാഴ്ത്തപ്പെടുന്നത്. എന്നാല്‍  ഇനിയേസ്റ്റയെ പോലെ ബാർസയുടെ ലാ മാസിയ അക്കാദമിയിലൂടെയല്ല പെഡ്രിവളർന്നത്. കാനറി ദ്വീപസമൂഹത്തിലെ ടെഗെസ്റ്റെ പട്ടണത്തിൽ ജനിച്ച പെഡ്രി, ലാ പൽമാസ് ക്ലബ്ബിലൂടെയാണു വളർന്നത്.  സെൻ്റർ ബാക്ക് ആയാണ് കളി തുടങ്ങിയത്. 13-ാം വയസ്സിൽ ലഗൂണ ക്ലബ്ബിലെത്തി, 2018 വരെ അവിടെ തുടർന്നു. 2018-ൽ റയൽ മഡ്രിഡ് ക്ലബ്ബിൽ നടത്തിയ ട്രയൽസിൽ പങ്കെടുത്തു. എന്നാല്‍ വേണ്ടത്ര നിലവാരമില്ലെന്ന് പറഞ്ഞ് ക്ലബ്ബ് പെഡ്രിയെ മടക്കി. 2020ല്‍ ബാര്‍സിലോനയില്‍ എത്തിയതോടെ പെഡ്രിയുടെ ഭാവി മാറി. 165കളികളില്‍ നിന്ന് 22 ഗോള്‍ നേടിയ പെ‍ഡ്രി ഈ സീസണില്‍ 29 മല്‍സരത്തില്‍ നിന്ന് രണ്ട് ഗോളും ഒന്‍പത് അസിസ്റ്റും  കുറിച്ചു. സ്പാനിഷ് പടയുടെ നെടുംതൂണായിട്ടാണ് പെഡ്രിയെ കോച്ച് ലൂയി ഫുന്റെ കരുതുന്നത്. 

ENGLISH SUMMARY:

Pedri is set to play a crucial role in Spain's progression in the World Cup, showcasing his exceptional technical ability. He is widely seen as the successor to legendary player Iniesta, bringing a unique flair and tactical understanding to the midfield.