പോര്‍ച്ചുഗല്‍ എന്നുകേട്ടാല്‍ ആദ്യം ഓടിയെത്തുന്ന പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യം ബുട്ടണിയുമ്പോള്‍ ജനിച്ചിട്ടില്ലാത്ത ഒരാള്‍ ഇക്കുറി റൊണാള്‍ഡോയ്ക്ക് ഒപ്പം പന്തുതട്ടാനിറങ്ങും. ജോവോ നെവിസ് ആണ് ആതാരം. എന്നാല്‍ നെവിസിന് റൊണാള്‍ഡോയെക്കാള്‍ ഇഷ്ടം മെസിയോടാണ്.
മധ്യനിരയില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ജോവോ നെവിസ്. പാസിങ്ങിലെ കൃത്യത, തന്ത്രശാലി, പരിചയസമ്പന്നന്റെ പക്വത, ഇതെല്ലാം ചേര്‍ന്നാല്‍ 21കാരന്‍ ജോവോ നെവിസായി. ബെന്‍ഫിക്ക യൂത്ത് അക്കാദമിയിലൂടെ ഫുട്ബോളിലേക്കുള്ള വരവ്. 60വര്‍ഷത്തിന് ശേഷം ബെന്‍ഫിക്ക യൂത്ത് ലീഗ് നേടുമ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു.
അവിടെ നിന്ന് പിഎസ്ജിയിലേക്ക് 50 മല്‍സരങ്ങളില്‍ നിന്ന് എട്ടുഗോള്‍ നേടി. പിഎസ്ജി ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ആ കിരീട നേട്ടത്തിലും വിജയശില്‍പികളില്‍ ഒരാളായി. അങ്ങനെ ചെല്ലുന്നിടത്തെല്ലാം കിരീടം നേടുന്ന ശീലമാക്കിയ താരമാണ് ജോവോ നെവിസ്. അതിവേഗ നീക്കങ്ങളും പാസിങ്ങിലെ കൃത്യതയും സാങ്കേതികത്തികവും ടാക്ലിങ് മികവും ഈ മധ്യനിരക്കാരന്റെ കരുത്താണ്. ഇടുങ്ങിയ ഇടങ്ങളില്‍ അല്ലെങ്കില്‍ എതിര്‍ ടീം കളിക്കാര്‍ കൂട്ടമായി എത്തുന്നിടത്തെല്ലാം നുഴഞ്ഞ് കയറി കളി നിയന്ത്രിക്കാന്‍ മിടുക്കനാണ് നെവിസ്. സമ്മര്‍ദം അതിവേഗം അതിജീവിക്കും വായുവിലൂടെ എത്തുന്ന പന്തുനിയന്ത്രിക്കാനും വൈഭവമുണ്ട്. 2023ല്‍ പോര്‍ച്ചുഗലിന്റെ ദേശീയ ടീമില്‍ റൊണാള്‍ഡോയ്ക്കൊപ്പം പന്തു തട്ടുമ്പോള്‍ അത് തന്റെ സ്വപ്ന നേട്ടമെന്നും ഭാഗ്യമെന്നും നെവിസ് പറഞ്ഞു. എന്നാല്‍ ഫുട്ബോളിലെ ഗോട്ട് ആരെന്ന് ചോദിച്ചാല്‍ െമസിയുടെ പേരാണ് നെവിസ് പറയുക. പോര്‍ച്ചുഗലിനായി 21 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ നേടി. പ്രതിരോധത്തിലേക്ക് ഇറങ്ങി കളിയുടെ ടെംപോ സെറ്റ് ചെയ്യാന്‍ ഈ 21കാരന്‍ മിടുക്കനാണ്. കളിയുടെ ഗതി വേഗത്തില്‍ വായിച്ചെടുക്കുന്ന നെവിസ് അതിവേഗ നീക്കങ്ങള്‍ നടത്തി കളില്‍ സ്വന്തം ടീമിന്റെ വരുതിയിലേക്ക് വേഗത്തില്‍ എത്തിക്കും. കോംഗോയും ഉസ്ബെക്കിസ്ഥാനും കൊളംബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് പോര്‌ച്ചുഗല്‍. അടുത്തമാസം 17നാണ് ടീമിന്റെ ആദ്യമല്‍സരം. ജോവോ നെവിസിന്റെ ചുവടുവയ്പ്പുകള്‍ ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.