Untitled design - 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയും ലീഗിലെ അസിസ്റ്റ് റെക്കോർഡിനൊപ്പമെത്തുകയും ചെയ്ത പ്രകടനത്തിന് പിന്നാലെ, ബ്രൂണോ ഫെർണാണ്ടസിനെ പ്രീമിയർ ലീഗ് താരമായി തിരഞ്ഞെടുത്തു. ഒരു മത്സരം ബാക്കി നിൽക്കെയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ പുരസ്കാരനേട്ടം. മുൻ ആര്‍സനല്‍ താരം തിയറി ഒൻറിയും മുൻ മാഞ്ചസ്റ്റർ സിറ്റി പ്ലേമേക്കർ കെവിൻ ഡി ബ്രൂയിനും സംയുക്തമായി കൈവശം വെച്ചിരുന്ന 20 അസിസ്റ്റുകളെന്ന റെക്കോർഡിനൊപ്പമാണ് ഫെർണാണ്ടസ് എത്തിയത്. ഇതോടൊപ്പം എട്ട് ഗോളുകളും ഈ പോർച്ചുഗൽ താരം നേടി. യുണൈറ്റഡ് മൂന്നാം സ്ഥാനം ഉറപ്പിച്ചതോടെ ചാംപ്യൻസ് ലീഗിനും യോഗ്യത നേടിയിരുന്നു. 132 ഗോളവസരങ്ങൾ സൃഷ്ടിച്ചാണ് ഫെർണാണ്ടസ് ഈ സീസണിലെ മികച്ച പ്ലേമേക്കറായത്. 89 അവസരങ്ങൾ ഒരുക്കിയ ലിവർപൂളിന്റെ ഡൊമിനിക് സൊബോസ്‌ലായ് ഫെര്‍ണാണ്ടസിന് പിന്നിലായി രണ്ടാം സ്ഥാനത്ത്.

 

സീസണിലെ അവസാന മത്സരത്തിൽ നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റനെ നേരിടും. ഒരു ഗോളിന് വഴിയൊരുക്കിയാല്‍ അസിസ്റ്റിന്റെ റെക്കോര്‍ഡ് പൂർണമായി സ്വന്തം പേരിൽ കുറിക്കാനും ഫെർണാണ്ടസിന് അവസരമുണ്ട്. പ്രീമിയര്‍ ലീഗ് കിരീടം നേടിയ ആര്‍സനല്‍ താരങ്ങളായ ഡെക്ലന്‍ റൈസ്, ഗബ്രിയേൽ, ഡേവിഡ് റയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ എർലിങ് ഹാളണ്ട്, അന്റോയിൻ സെമെന്യോ, നോട്ടിങ്ങാം ഫോറസ്റ്റിന്റെ മോർഗൻ ഗിബ്സ്-വൈറ്റ്, ബ്രെന്റ്ഫഡിന്റെ ഇഗോർ തിയാഗോ എന്നിവരെ പിന്തള്ളിയാണ് 31-കാരനായ ഫെർണാണ്ടസിന്റെ നേട്ടം. ഈ മാസം ആദ്യം ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരവും ഫെർണാണ്ടസ് നേടിയിരുന്നു. ഇതിനുപുറമെ, ക്ലബ്ബിന്റെ സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദി ഇയർ ബഹുമതി അഞ്ചാം തവണയും അദ്ദേഹം സ്വന്തമാക്കി. 

 

മികച്ച യുവതാരം ഒ'റൈലി

 

മാഞ്ചസ്റ്റർ സിറ്റിയുടെ നിക്കോ ഒ'റൈലിയെ പ്രീമിയർ ലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 21-കാരന്റെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലും ഇടം നേടിക്കൊടുത്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കാദമിയിലൂടെ വളർന്ന താരം ഈ സീസണിലാണ് പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായത്. പ്രധാനമായും ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിച്ച താരം മധ്യനിരയിലും മികവ് കാട്ടി. ലീഗിൽ അഞ്ച് ഗോളടിക്കുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഈ സീസണിൽ 29 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച താരം ആകെ 34 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി. ലീഗ് കപ്പ് ഫൈനലിൽ ആര്‍സനലിനെതിരെ സിറ്റി 2-0ന് ജയിച്ച മത്സരത്തിലെ ഇരട്ടഗോളുകൾ ഉൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ടീമിനായി വലകുലുക്കി.

ENGLISH SUMMARY:

Bruno Fernandes has been named the Premier League Player of the Season for his exceptional performance, securing Manchester United's Champions League qualification and equaling the league's assist record. His achievement highlights his remarkable season, where he also scored eight goals and was recognized with multiple other accolades.