നെയ്മറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതോടെ ഇനി ബ്രസീലുകാര്‍ക്കും ലോകമെമ്പാടുമുള്ള മഞ്ഞപ്പടയുടെ ആരാധകര്‍ക്കും ആറാം ലോകകിരീടനത്തിനായുള്ള കാത്തിരിപ്പിന്റെ നാളുകള്‍. ദിവസങ്ങൾക്കു മുൻപ് വരെ കായിക വിദഗ്ധരും മുൻ താരങ്ങളും അസാധ്യമെന്നു കരുതിയ, ബ്രസീലിന്റെ ലോകകപ്പ് ടീമിലാണ് നെയ്മർ ഇടംപിടിച്ചത്.
സൂപ്പർ താരത്തിന് ഇത് നാലാം ലോകകപ്പ്. ആൻഞ്ചലോട്ടി ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് നെയ്മാർ തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ സൂചന നൽകുന്നൊരു മാറ്റം വരുത്തിയിരുന്നു. നിലവിൽ കളിക്കുന്ന ക്ലബ്ബായ സാന്റോസിന്റെ പേരിനൊപ്പം ബ്രസീൽ എന്നും ചേർത്തായിരുന്നു മാറ്റം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമാണ് നെയ്മാര്‍ ലോകകപ്പ് ടീം പ്രഖ്യാപനം കേട്ടത്.
പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി അക്ഷരമാലാ ക്രമത്തിലായിരുന്ന ടീമംഗങ്ങളെ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മത്തേയൂസ് കൂന്യയെ പ്രഖ്യാപിച്ചതോടെ നെഞ്ചിടിപ്പ് കൂടി. മുറിയിലാകെ നിശബ്ദത നിറഞ്ഞു. ഒടുവില്‍ കാത്തിരുന്ന നിമിഷമെത്തി. നെയ്മാര്‍ ജൂനിയര്‍ സാന്റോസെന്ന് ആഞ്ചലോട്ടി പറഞ്ഞതോടെ കയ്യില്‍ മുഖമമര്‍ത്തി താരം പൊട്ടിക്കരഞ്ഞു. ഉറ്റവരുമായി സന്തോഷം പങ്കിട്ടു. തുടർന്ന് അച്ഛനെ വിഡിയോ കോളിൽ വിളിച്ച താരം കണ്ണീരോടെ പറഞ്ഞു: ‘‘അച്ഛാ, നമ്മൾ ഇത് നേടി’’ 2025 മേയിൽ പരിശീലകനായി ചുമതലയേറ്റ കാര്‍ലോ ആൻചലോട്ടിക്ക് കീഴിൽ ആദ്യമായാണ് നെയ്മർ ദേശീയ ടീമിൽ ഇടം നേടുന്നത്. 2023 ഒക്ടോബറിൽ കാൽമുട്ടിലെ ലിഗമെന്റിനേറ്റ ഗുരുതര പരുക്കിനുശേഷം കായികക്ഷമത വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു നെയ്മാര്‍. മാര്‍ച്ച് മാസം അവസാനം ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമിൽ നെയ്മാർ ഉൾപ്പെട്ടിരുന്നു. ഇതിനു തയാറെടുക്കുന്നതിനിടെ വീണ്ടും പരുക്കേറ്റു.
ബ്രസീൽ ക്ലബ് സാന്റോസിന്റെ താരമായ നെയ്മാറിന് പരിശീലനത്തിനിടെ പേശികള്‍ക്കാണ് അന്ന് പരുക്കേറ്റത്. നെയ്മറിന്റെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തുന്നതിനായി കാർലോ ആഞ്ചലോട്ടി സാന്റോസിന്റെ മത്സരം കാണാൻ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് നെയ്മാർ വീണ്ടും പരുക്കിന്റെ പിടിയിലായത്. ജൂൺ 13ന് ന്യൂജഴ്സിയിൽ മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ ഹെയ്തി, സ്കോട്‌ലൻഡ് എന്നിവരാണ് മറ്റ് എതിരാളികൾ.