ഫിഫാ ലോകകപ്പ് കാണാനായി കാനഡയിലേക്ക് വരുന്ന ഫുട്ബോൾ ആരാധകര്‍ക്ക് ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ വകയായി ഇക്കുറി ഒരു സർപ്രൈസുണ്ട്!. കളി കാണാനെത്തുന്നവർക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുമെന്നാണ് ടൊറന്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കുന്നത്. 

കാന‍ഡയിലെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഫിഫ ലോകകപ്പ് തീമിൽ പ്രത്യേകം തയ്യാറാക്കിയ കോണ്ടം പാക്കറ്റുകളാണ് പണം ഈടാക്കാതെ നൽകുക. ആയിരക്കണക്കിന് ആരാധകരാകും ഫുട്ബോൾ കാണാനയി കാന‍ഡയിലെത്തുക. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ടൊറന്റോയിലെ സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകള്‍ വഴി കോണ്ടം വിതരണം ചെയ്യുമെന്നാണ് വിവരം. 

യുഎസ്, മെക്സിക്കോ, കാനഡ നഗരങ്ങളിലായാണ് ഇക്കുറി ലോകകപ്പ് അരങ്ങേറുക. 6.5 ദശലക്ഷം ആരാധകർ മത്സരങ്ങൾ കാണാൻ നേരിട്ടെത്തുമെന്നാണ് കണക്കുകൂട്ടൽ. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കാനഡയിൽ ടൊറന്റോയ്ക്കു പുറമേ വാൻകൂവർ നഗരവും ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകും. 13 ലോകകപ്പ് മത്സരങ്ങളാണ് കാനഡയിൽ നടക്കുക. 

കൊളംബിയന്‍ ഗായിക ഷക്കീറ പങ്കുവെച്ച ഇത്തവണത്തെ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഇപ്പോൾ തന്നെ എല്ലായിടത്തും വൈറലാണ്. 'ഡായ് ഡായ്' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും ഷക്കീറ തന്നെയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്. കാറ്റി പെറി അടക്കമുളള പ്രമുഖര്‍ വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായെത്തിയിരുന്നു. 

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് മല്‍സരത്തിന്‍റെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ ആലപിച്ചതും' വിഡിയോയില്‍ അഭിനയിച്ചതും ഷക്കീറ തന്നെയായിരുന്നു.

ENGLISH SUMMARY:

Free condoms are being distributed by Toronto Public Health to football fans attending the FIFA World Cup in Canada. This initiative aims to ensure the safety and well-being of the numerous fans expected to travel for the tournament.