കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ താരം ലയണൽ മെസിക്കെതിരേ ഇവന്‍റ് പ്രൊമോട്ടർമാർ കോടതിയെ സമീപിച്ചു. മയാമി-ഡേഡ് സർക്യൂട്ട് കോടതിയിൽ വിഐഡി മ്യൂസിക് ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് മെസിക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനുമെതിരെ വഞ്ചനാക്കുറ്റത്തിനും കരാർ ലംഘനത്തിനും കേസ് ഫയല്‍ ചെയ്തത്. പരാതി പ്രകാരം, വെനസ്വേല, പോർട്ടറിക്കോ എന്നിവർക്കെതിരെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അർജന്റീനയുടെ രാജ്യാന്തര സൗഹൃദമല്‍സരങ്ങളുടെ അവകാശം വിഐഡി ഗ്രൂപ്പ് നേടിയിരുന്നു. ടിക്കറ്റ്, സംപ്രേഷണം, സ്പോൺസർഷിപ്പ് എന്നിവയിൽ നിന്നുള്ള വരുമാനം വിഐഡിക്ക് എന്നായിരുന്നു വ്യവസ്ഥ.
പരുക്കില്ലെങ്കിൽ ഓരോ മല്‍സരത്തിലും മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നതായി സംഘാടകർ പറയുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകി കരാറിലേര്‍പ്പെടാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് മെസി ഗൂഡാലോചന നടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. അശ്രദ്ധമായി തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റവും മെസിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒക്ടോബർ 10-ന് വെനസ്വേലയ്‌ക്കെതിരെ അർജന്റീന 1-0ന് ജയിച്ച മല്‍സരത്തില്‍ മെസി കളിച്ചിരുന്നില്ല. സൗത്ത് ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ഒരു സ്യൂട്ടിലിരുന്ന് അദ്ദേഹം കളി കാണുകയാണുണ്ടായതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഇതിന് പിറ്റേദിവസം ഇന്റർ മയാമിക്കുവേണ്ടി കളത്തിലിറങ്ങിയ മെസ്സി, അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോൾ നേടുകയും ചെയ്തു. പിന്നീട് ഒക്ടോബർ 14-ന് പോർട്ടറിക്കോയ്ക്കെതിരായ മെസി അർജന്റീനയ്ക്കായി കളിച്ചു. വിഐഡി തന്നെ സംഘടിപ്പിച്ച ഈ മല്‍സരത്തില്‍ രണ്ട് ഗോളുകൾക്ക് അദ്ദേഹം വഴിയൊരുക്കി.