ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ കാൽമുട്ടിലെ പരുക്ക് നിർണയിക്കുന്നതിൽ റയൽ മഡ്രിഡിന് നാണക്കേടായ പിഴവ് സംഭവിച്ചോ? ഡിസംബറിൽ താരത്തിന്റെ പരുക്കേറ്റ കാൽമുട്ട് മാറി സ്കാൻ ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡിസംബർ 7ന് സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിനു പിന്നാലെയാണ് എംബാപ്പെയുടെ ഇടതുകാൽമുട്ടിന് ആദ്യം വേദന അനുഭവപ്പെട്ടത്. എന്നാല്‍ പ്രാഥമിക പരിശോധനയിൽ കാൽമുട്ട് മാറിപ്പോയെന്നാണ് സ്പാനിഷ്  മാധ്യമപ്രവർത്തകൻ മിഗേൽ എയ്ഞ്ചൽ ഡയസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിശ്രമം അനിവാര്യമായിരുന്ന സമയത്ത് താരം കളത്തിലിറങ്ങാൻ ഈ പിഴവ് കാരണമായെന്നാണ് വിലയിരുത്തൽ. തുടര്‍ന്നുള്ള മൂന്നു മത്സരങ്ങളിലും എംബാപ്പെ 90 മിനിറ്റും കളിച്ചു. ജനുവരി ആദ്യം പരുക്ക് വീണ്ടും വില്ലനായതോടെ ഫ്രഞ്ച് താരത്തിന് മൂന്നു മത്സരങ്ങൾ നഷ്ടമായി. ഫെബ്രുവരി അവസാനം വീണ്ടും പരുക്കേറ്റതിനെ തുടർന്ന് അഞ്ചു മത്സരങ്ങളിൽ കളിക്കാനായില്ല. കഴിഞ്ഞയാഴ്ച ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലാണ് താരം കളത്തിലേക്ക് മടങ്ങിയെത്തിയത്.

സൗഹൃദ മല്‍സരങ്ങള്‍ക്കായി ഫ്രാന്‍സ് ടീമിനൊപ്പമാണ് എംബാപ്പെ. പാരിസില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പരുക്കിനെക്കുറിച്ച് താരം പ്രതികരിച്ചു. കാല്‍മുട്ടിനിപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ചിലതെല്ലാം വ്യാജവാർത്തകളാണെന്നുമായിരുന്നു  എംബാപ്പെയുടെ വാക്കുകള്‍. 

ഫ്രഞ്ച് ദേശീയ ടീമിലെ ഡോക്ടർമാർ പരിശോധിച്ച ശേഷമാണ് ശരിയായ രോഗനിർണയം നടന്നതെന്ന റിപ്പോർട്ടുകൾ എംബാപ്പെ പരോക്ഷമായി സ്ഥിരീകരിച്ചു. താന്‍ 100 ശതമാനം സുഖം പ്രാപിച്ചുവെന്നും പാരീസിൽ വെച്ചാണ് എനിക്ക് ശരിയായ രോഗനിർണയം ലഭിച്ചതെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.