ഐ.എസ്.എൽ പത്താം സീസണിലെ ദയനീയ പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി വഴങ്ങിയ ടീമിന് ഒരു സമനില മാത്രമാണ് നേടാനായത്. ഇന്നലെ നടന്ന മത്സരത്തിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് പിന്നിലായിരുന്നു. ഈ സമയത്ത് തന്നെ കറ്റാലയെ മാറ്റുന്ന കാര്യത്തിൽ മാനേജ്‌മെന്റ് ധാരണയിലെത്തിയതായാണ് വിവരം. മത്സരശേഷം സാധാരണയായി മാധ്യമങ്ങളെ കാണാറുള്ള പതിവ് തെറ്റിച്ച കറ്റാല, മീഡിയ റൂമിലേക്ക് വരാൻ പോലും തയ്യാറായിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം സ്ഥാനമൊഴിയുന്നു എന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു.
കറ്റാലയുടെ കീഴിൽ ടീം കാഴ്ചവെച്ചത് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീം മികച്ച കളി പുറത്തെടുത്തിട്ടും തോൽക്കുകയാണെങ്കിൽ ന്യായീകരിക്കാമായിരുന്നുവെന്നും എന്നാൽ കറ്റാലയ്ക്ക് കീഴിൽ ടീം എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നുമാണ് ആരാധകരുടെയും മാനേജ്‌മെന്റിന്റെയും പക്ഷം. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ ടീമിന് സാധിച്ചിട്ടില്ല.
ദവീദ് കറ്റാലയെ പുറത്താക്കിയ വിവരം ഇന്ന് വൈകിട്ടോടെ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കും. തുടർന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ നീക്കം.