രണ്ടുമാസം മുമ്പ് വന്‍കരയുടെ കിരീടനേട്ടം ആഘോഷിച്ച സെനഗലിലെ തെരുവീഥികളിൽ ഇപ്പോൾ അലയടിക്കുന്നത് രോഷവും അവിശ്വസനീയതയുമാണ്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം നേടിയ ടീമിനെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അപ്പീൽ ബോർഡാണ് അയോഗ്യരാക്കിയത്. എതിരാളികളായ മൊറോക്കോയെ 3-0ന് വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനലില്‍ അധികസമയത്ത് പാപ്പെ ഗയെ നേടിയ ഗോളിൽ സെനഗൽ 1-0ന് വിജയിച്ചിരുന്നു. എന്നാൽ, മല്‍സരത്തിനിെട മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ 10 മിനിറ്റിലധികം കളം വിട്ടുനിന്നതാണ് കിരീടം റദ്ദാക്കാൻ കാരണമായത്.
വിധിക്കെതിരെ സെനഗലിലുടനീളം വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആരാധകരും മുൻ താരങ്ങളും നേതാക്കളും വിധി തള്ളിക്കളഞ്ഞു. കായിക രംഗത്തിന്റെ അന്തസ്സിനെ ഇല്ലാതാക്കുന്ന ഭരണപരമായ അനീതിയാണിതെന്നാണ് ആരോപണം. ഇതിനിടെ പരിശീലകൻ പാപ്പെ തിയാവ് തന്ത്രപരമായ ഒരു നിർണായക നീക്കം നടത്തിയതായാണ് റിപ്പോർട്ട്. ആഫ്രിക്കൻ കിരീടം ഒരു സൈനിക താവളത്തിലേക്ക് മാറ്റി സായുധ കാവലേർപ്പെടുത്തിയെന്നാണ് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികർ കിരീടവുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
ട്രോഫി സുരക്ഷിതവുമായ ഒരിടത്തേക്ക് മാറ്റിയതിലൂടെ, തങ്ങളുടെ അവകാശവാദം ഉറപ്പിക്കുകയാണ് സെനഗൽ. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ വിധിക്കെതിരായ വെല്ലുവിളി കൂടിയാണിത്. വിജയം അർഹതയോടെ നേടിയതാണെന്ന രാജ്യത്തെ വിശ്വാസത്തിന് ഈ നീക്കം അടിവരയിടുന്നു. സെനഗലിനെ സംബന്ധിച്ച് ഇത് കേവലം ഒരു ട്രോഫിയുടെ മാത്രം വിഷയമല്ല. മറിച്ച്, ദേശീയ അഭിമാനത്തിന്റെയും കായികനീതിയുടെയും പ്രശ്നമായി മാറിയിരിക്കുകയാണ്.