ഐഎസ്എൽ 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് തകർപ്പൻ തുടക്കം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മത്സരത്തിന്റെ 36-ാം മിനിറ്റിൽ ജേമി മക്‌ലാരനും ഇൻജുറി ടൈമിൽ (90+7') ടോം ആൽഡ്രെഡുമാണ് മോഹൻ ബഗാന്റെ വിജയഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മോഹൻ ബഗാൻ ഒൻപത് കോർണറുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഒന്നുപോലും നേടാനായില്ല.
രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് ചില നീക്കങ്ങൾ നടത്തിയെങ്കിലും താപ്പയുടെ ക്രോസിൽ നിന്ന് ലഭിച്ച അവസരം ആൽഡ്രെഡ് ഗോളാക്കി മാറ്റിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ആദ്യ ഇലവനില്‍ രണ്ട് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി, യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സ് ടീമിനെ ഇറക്കിയത്. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ സേവുകളാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമല്‍സരം. ബ്ലാസ്റ്റേഴ്‌സിനെതിരെ മോഹൻ ബഗാന്റെ ഒൻപതാമത്തെ വിജയമാണ്.