2026 ലോകകപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ. ഓഫ്‌സൈഡ് തീരുമാനങ്ങൾ ഇനി വേഗത്തിലാകും. റഫറിമാര്‍ക്ക് ബോഡി ക്യാമറ നല്‍കും. നിര്‍ണായക നിമിഷങ്ങളില്‍ ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണികള്‍ക്കും കണാനാകും.
ഈ വർഷം യുഎസിൽ നടന്ന ക്ലബ് ലോകകപ്പിലെ പരീക്ഷണങ്ങളുടെ ചുവടുപിടിച്ച്, 2026 ലോകകപ്പിൽ പുതിയ റഫറിയിങ് സാങ്കേതികവിദ്യകളും കൂടുതൽ കർശനമായ സമയക്രമീകരണ നിയമങ്ങളും നടപ്പാക്കാനൊരുങ്ങന്നത്. ക്ലബ് ലോകകപ്പിൽ പരീക്ഷിച്ച റഫറി ബോഡി ക്യാമറ, സെമി ഓട്ടമേറ്റഡ് ഓഫ്‌സൈഡിന്റെ ടെക്നോളജി എന്നിവ ലോകകപ്പിലുണ്ടാകും.
കളിക്കളത്തിലെ നിർണായക നിമിഷങ്ങളിൽ റഫറി കാണുന്നത് എന്താണോ അത് തത്സമയം ടെലിവിഷനിലും സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിലും കാണികൾക്ക് മുന്നിലെത്തും. ഓട്ടമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് മാത്രം നൽകുന്നതിന് പകരം ഓഫ്‌സൈഡ് അലർട്ടുകൾ അസിസ്റ്റന്റ് റഫറിമാർക്ക് നേരിട്ട് നൽകും. ഇതോടെ തീരുമാനങ്ങളിലെ കാലതാമസം കുറയും. നിയമഭേദഗതികൾക്ക് ഫെബ്രുവരിയിൽ വെയ്ൽസിൽ ചേരുന്ന ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ അംഗീകാരം നേടണം.