അനിസിയോ കബ്രാല്‍ ഫുട്ബോള്‍ ലോകത്തെ പുതിയ സെന്‍സേഷന്‍. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പോര്‍ച്ചുഗലിനെ ചാംപ്യന്മാരാക്കിയത് കബ്രാലിന്റെ ഏകഗോളാണ്. ടൂര്‍ണമെന്‍റിലാകെ ഏഴ് ഗോള്‍ നേടി ഈ പതിനേഴുകാരന്‍.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയതൃഷ്ണയെയും പോരാട്ടവീര്യത്തെയും അനുസ്മരിപ്പിക്കുന്നു അനിസിയോ കബ്രാല്‍. ഒപ്പം ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ കളിമികവും ഫിനിഷിങ്ങിലെ കൃത്യതയും കബ്രാല്‍ ഇഷ്ടപ്പെടുന്നു. കളത്തിലെ അതിവേഗ നീക്കങ്ങളും കരുത്തും ആണ് സെന്‍റര്‍ ഫോര്‍വേഡായ കബ്രാലിന്‍റെ പ്രത്യേകത. ഇടംകാല്‍ ഷോട്ടുകളാണ് കരുത്ത്.
അണ്ടര്‍ 17 ലോകകപ്പില്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം പോര്‍ച്ചുഗലിന്‍റെ രക്ഷകനായി കബ്രാല്‍. പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനെതിരെ നിര്‍ണായക ഗോള്‍. ന്യൂ കലിഡോണിയക്കെതിരെ റെക്കോര്‍ഡ് ജയം നേടിയപ്പോള്‍ രണ്ട് ഗോള്‍ നേടി. ബ്രസീലിനെതിരായ സെമി ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക കിക്ക് വലയിലെത്തിച്ചതും കബ്രാല്‍ ആയിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍ ആ ഗോളും കബ്രാലിന്‍റേതായിരുന്നു. 2016ല്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്നതാണ് കബ്രാലിന് വഴിത്തിരവായത്. അണ്ടര്‍ 17 ലോകകപ്പിലെ പ്രകടനത്തോടെ പയ്യനെ പല പ്രമുഖ ക്ലബ്ബുകളും നോട്ടമിട്ടുകഴിഞ്ഞു.