ലോകകപ്പ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് കുറസോ. വെറും 444 ചതുശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഡച്ച് കരീബിയന്‍ ദ്വീപ് രാജ്യം ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമാണ്. കോണ്‍കാകാഫില്‍ നിന്ന് തോല്‍വി അറിയാതെയാണ് കുറസോ ലോകകപ്പിനെത്തുന്നത്. കുറസോയ്ക്കൊപ്പം ലോകകപ്പിന് യോഗ്യത നേടിയ ഹെയ്തി ടീമില്‍ കേരളവുമായി ബന്ധമുള്ള താരമുണ്ട്.
ഫുട്ബോളില്‍ ഇന് കുറസോ മോഡലും. രാജ്യത്തിന്റെ വലുപ്പത്തിലും സമ്പത്തിലുമല്ല കഠിനാധ്വാനത്താല്‍ വലിയ ലക്ഷ്യം കൈവരിക്കാമെന്ന് കുറസോ തെളിയിച്ചു. ഒന്നരലക്ഷപേരുടെ സ്വപ്നം കാലുകളിലേക്ക് ആവഹിച്ച കുറസോ ഫുട്ബോള്‍ താരങ്ങള്‍ നീല തരംഗത്തില്‍ ഇരച്ചുകയറി. കോണ്‍കാകാഫില്‍ പരാജയമറിയാത്ത ഏക ടീമാണ് കുറസോ. അവസാന മല്‍സരത്തില്‍ ജമൈക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ ഗ്രൂപ്പ് ബി യിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് കുറസോ ചരിത്രത്തിലാദ്യമായി ലോകകപ്പിനെത്തുന്നത്.
2018ലെ ലോകകപ്പ് കളിച്ച ഐസ്‌ലന്‍ഡിന്റെ റെക്കോര്‍ഡാണ് കുറസോ തകര്‍ത്തത്. പരിശീലകൻ ഡിക് അഡ്വൊക്കാത്ത് ഇല്ലാതെയാണ് കുറസോ നിർണായക മത്സരത്തിനിറങ്ങിയത്. കുടുംബപരമായ ആവശ്യങ്ങൾക്കായി നെതർലൻഡ്സിലേക്കു മടങ്ങിയതിനാലാണ് 78 കാരനായ അഡ്വൊക്കാത്തിന് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. കോണ്‍കാകാഫില്‍ ബെര്‍മൂഡയ്ക്കെതിരെ നേടിയ എതിരില്ലാത്ത ഏഴ് ഗോളിന്റെ ജയമാണ് യോഗ്യതാറൗണ്ടില്‍ കുറസോ കുറിച്ച വലിയ ജയം. കുറസോയ്ക്കൊപ്പം ഹെയ്തിയും ലോകകപ്പിന് യോഗ്യത നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം ഡെക്കന്‍സ് നാസോണ്‍ അംഗമായ ടീമാണ് ഹെയ്തിക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്.