റയൽ മഡ്രിഡ് സ്റ്റേഡിയത്തിന്റെ പേര് ബെര്‍ണബ്യൂ എന്നാക്കി മാറ്റി. 1955ന് ശേഷമുള്ള ആദ്യത്തെ സുപ്രധാന പേരുമാറ്റമാണിത്. ചരിത്രത്തിലാദ്യമായി, ഇന്ന് NFL മല്‍സരത്തിന് സ്റ്റേഡിയം വേദിയാകുന്നതോടെ ബെര്‍ണബ്യൂ ബ്രാന്‍ഡ് ലോഞ്ച് ചെയ്യപ്പെടും. കാല്‍പന്തുകളിക്ക് വേദിയായ 'എസ്റ്റാഡിയോ ഡി സാന്തിയാഗോ ബെർണബ്യൂ' സ്റ്റേയിത്തിലേക്ക് ആദ്യമായി NFL മല്‍സരമെത്തുന്നു. ഇതോടെ ബെര്‍ണബ്യൂ എന്ന ബ്രാന്‍ഡും ലോഞ്ച് ചെയ്യപ്പെടും. ആഗോളതലത്തിൽ ആകർഷണീയത വർധിപ്പിക്കാനും വാണിജ്യ സാധ്യതകൾ കണ്ടെത്താനുമാണ് പേരുമാറ്റം.
ഇന്നു രാത്രിയാണ് വാഷിങ്ടൻ കമാന്‍ഡേഴ്സും മയാമി ഡോൾഫിൻസും നേര്‍ക്കുനേരെത്തുന്ന NFL മല്‍സരം. ആദ്യമായാണ് NFL സ്പെയിനിലേക്കെത്തുന്നത്. പേരുമാറ്റത്തിൽ ഒതുങ്ങുന്നതല്ല റയൽ മഡ്രിഡിന്റെ പുതിയ ബിസിനസ് തന്ത്രം. ഫുട്ബോൾ മത്സരങ്ങൾ ഇല്ലാത്തപ്പോഴും വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബെർണബ്യൂ സ്റ്റേഡിയത്തെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന വിനോദസമുച്ചയമാക്കി മാറ്റാൻ ക്ലബ് വൻതോതിൽ പണംമുടക്കിയിട്ടുണ്ട്.
വിവിധതരം പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് സ്റ്റേഡിയത്തിന്റെ മാറ്റം. 1955 ലാണ് സ്റ്റേഡിയത്തിന് 'എസ്റ്റാഡിയോ ഡി സാന്തിയാഗോ ബെർണബ്യൂ' എന്ന പേര് ലഭിക്കുന്നത്. റയൽ മഡ്രിഡിനെ ലോക ഫുട്ബോളിലെ വൻശക്തിയാക്കി മാറ്റിയ, ക്ലബ് പ്രസിഡന്റും മുൻ താരവുമായിരുന്ന സാന്തിയാഗോ ബെർണബ്യൂവിനോടുള്ള ആദരസൂചകമായായിരുന്നു പേര്.