instagram/Prudentmediagoa
കേരളത്തിൽ നിന്നുള്ള ആരാധകൻ കളത്തിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ്സി ഗോവക്ക് പിഴയായി നൽകേണ്ടി വരുക 8 ലക്ഷം രൂപ. സൗദി ക്ലബ് അൽ നസറിനെതിരായ മത്സരത്തിലാണ് മലയാളി മൈതാനത്തേക്ക് ഇറങ്ങിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും ആരാധകനായ മലയാളി യുവാവാണ് ഗോവ ഫറ്റോർഡ സ്റ്റേയത്തിൽ എഫ്സി ഗോവക്ക് തലവേദനയായത്. AFC ചാമ്പ്യൻസ് ലീഗ് 2 മത്സരത്തിനിടെ സൈഡ് ലൈനിനരികെ വാം അപ്പ് ചെയ്യുകയായിരുന്ന അൽ നസറിന്റെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന് അരികിലേക്കാണ് യുവാവ് എത്തിയത്.
സാദിയോ മാനെയും സമീപത്തുണ്ടായിരുന്നു. ഫെലിക്സിനൊപ്പം ഒരു സെൽഫിയുമെടുത്തു. സുരക്ഷ ജീവനക്കാർ പിടികൂടിയ യുവാവിനെ ഫറ്റോർഡ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിക്രമിച്ചു കടന്നതിനും രണ്ട് രാജ്യാന്തര താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്.
സെൽഫികൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. BNS സെക്ഷൻ 125, 233(ബി) പ്രകാരമാണു കേസ്. സുരക്ഷാ വീഴ്ചയ്ക്ക് ഗോവക്കെതിരെ AFC നടപടി ഉണ്ടാകും. കഴിഞ്ഞ മാസം ഒരു ആരാധകൻ സ്മോക്ക് ഗൺ ഉപയോഗിച്ചതിന് ഗോവയ്ക്ക് സമാനമായ പിഴ ലഭിച്ചിരുന്നു.