സൂപ്പർ ലീഗ് കേരള രണ്ടാം സീസണില്‍ മികവുകാട്ടാന്‍ തിരുവന്തപുരം കൊമ്പന്‍സ്. ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. ബ്രസീലിയൻ മധ്യനിര താരം പാട്രിക് സിൽവ മൊട്ട തന്നെ ഇത്തവണയും കൊമ്പന്‍സിനെ നയിക്കും
സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണില്‍ നാലാംസ്ഥാനത്തായിപ്പോയെങ്കിലും ഇത്തവണ അനുഭവപാഠം മുതലാക്കി മുന്നേറാനാണ് തിരുവനന്തപുരം കൊമ്പന്‍സിന്‍റെ ശ്രമം. അതുകൊണ്ട് കഴിഞ്ഞ സീസണില്‍ കൊമ്പന്‍സിനെ നയിച്ച ബ്രസീലിയൻ മധ്യനിര താരം പാട്രിക് സിൽവ മൊട്ട തന്നെ ഇത്തവണയും നയിക്കും. കഴിഞ്ഞതവണ പത്തുകളികളില്‍ മൂന്നുജയവുമായി പതിമൂന്നുപോയിന്‍റുമാത്രമായിരുന്നു കൊമ്പന്‍സിന്. മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ടീമാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
കാളി അലാവുദ്ദീൻ സഹപരിശീലകനായും , ബാലാജി നരസിംഹൻ ഗോൾകീപിങ് പരിശീലകനായും ഇത്തവണയും തുടരുന്നു. ബ്രസീലിയൻ സ്‌ട്രൈക്കർ ഓട്ടേമാർ ബിസ്പോ, മലയാളി താരം ബിബിൻ ബോബൻ, പ്രതിരോധത്തിലെ കരുത്തൻ സലാം രഞ്ജൻ സിംഗ് എന്നിവരാണ് ഉപനായകന്മാർ. നാളെ കണ്ണൂര്‍ വോറിയേഴ്സുമായാണ് കൊമ്പന്‍സിന്‍റെ ആദ്യമല്‍സരം.പത്തിന് ഫോഴ്സ കൊച്ചിയെ നേരിടും