കാഫ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഒമാനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത് (3-2). ആദ്യം ഗോള്‍ നേടി ഒമാന്‍ ലീഡെടുത്തെങ്കിലും 80 മിനുറ്റില്‍ ഉദാന്ത സിങിലൂടെ ഇന്ത്യ ഗോള്‍ മടക്കി. അധിക സമയത്തും ഇരുടീമും വിജയ ഗോള്‍ നേടാതിരുന്നതോടെയാണ് മല്‍സരം പെനാള്‍ട്ടിയിലേക്ക് നീങ്ങിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒമാനെ തോല്‍പ്പിക്കുന്നത്.
പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ആദ്യ രണ്ട് ഷോട്ടുകളും ലക്ഷ്യം കണ്ടപ്പോള്‍ ഒമാന് ആദ്യ രണ്ടിലും പിഴച്ചു. അന്‍വര്‍ അലിയെടുത്ത കിക്ക് പിഴച്ചെങ്കിലും ജിതിനിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. ഉദാന്തയുടെ അവസാന കിക്ക് പാഴായെങ്കിലും ഒമാന്‍റെ കിക്ക് ഗുര്‍പ്രീത് സിങ് സന്ധു തടഞ്ഞതോടെ മല്‍സരം ഇന്ത്യയ്ക്ക് അനുകൂലമായി. ഇന്ത്യയ്ക്കായി ചാങ്തെയും രാഹുല്‍ ഭേക്കെയും ജിതിനുമാണ് സ്കോര്‍ ചെയ്തത്.
55–ാം മിനുട്ടില്‍ യാദ്വാദ് ആണ് ഒമാന് ലീഡെടുത്തത്. 80 മിനുറ്റില്‍ ഉദാന്ത സിങിന്‍റെ ഗോളിലൂടെയാണ് ഇന്ത്യ ഒപ്പമെത്തിയത്. രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇന്ത്യ ഒമാനെ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ഇതുവരെ 11 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയതില്‍ ഏഴു തവണയും ഒമാനായിരുന്നു ജയം. മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചു.
ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാള്‍ 54 സ്ഥാനം മുന്നിലുള്ള ടീമാണ് ഒമാന്‍. നിലവില്‍ 133–ാം സ്ഥാനത്താണ് ഇന്ത്യ. 79 ആണ് ഒമാന്‍റെ റാങ്കിംഗ്. മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലിനെയും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയും പരിശീലിപ്പിച്ച കാർലോസ് ക്വിറോസ് ആണ് ഒമാനെ പരിശീലിപ്പിക്കുന്നത്.