കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് കണ്ടപ്പോൾ മനസ്സിൽ വന്ന ആഗ്രഹമാണ് മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കണമെന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ മനോരമ ന്യൂസിനോട്. ഫിഫ റാങ്കിൽ ആദ്യ 50 ലുള്ള ടീമാവും അർജന്‍റീനയുമായി സൗഹൃദ മത്സരം തിരുവനന്തപുരത്ത് കളിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മെസിയുടെ വരവിൽ കേരളത്തിലെ ആരാധകരും മനോരമ ന്യൂസിനോട് സന്തോഷം പങ്കുവെച്ചു.
മെസിപ്പട നവംബറിലെ സൗഹൃദം മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എത്തുമ്പോൾ സമാനതകളില്ലാത്ത ഫുട്ബോൾ ആവേശം ഉണ്ടാകുമെന്ന് ഉറപ്പ്. അതിനുളള തയ്യാറെടുപ്പുകളിലേക്കാണ് കായിക വകുപ്പ് കടക്കുന്നത്. ഒരു മത്സരമെ യുണ്ടാവു, താരങ്ങൾ ഫാൻസ് ഷോയിലും പങ്കെടുക്കും. സുരക്ഷ ഒരുക്കുകയെന്നതാണ് മുഖ്യ കടമ്പ.തിരുവനന്തപുരത്തു നിന്ന് മറ്റു ജില്ലകളിലേക്ക് താരങ്ങൾ റോഡ് ഷോ നടത്തുന്നതിലടക്കം ആന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. സൗഹൃദ മത്സരത്തിന് ആസ്ട്രേലിയ താല്പര്യം അറിയിച്ചുണ്ട്.
മെസിയുടെ വരവിൽ ആരാധകരും ത്രില്ലിലാണ്. ഏറെ പിന്നിലായ ഇന്ത്യൻ ഫുട്ബോളിന്‍റെ ഉണർവിനും മെസിയുടെ വരവ് ഉണർവേകുമെന്നും തീർച്ച. മെസിയും അർജന്‍റീന ടീമും വരുന്നതോടെ ലോക കായിക ഭൂപടത്തിൽ കൂടി കേരളം വീണ്ടും അടയാളപ്പെടും. കായിക മേഖലയ്ക്ക് പുറമെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതാകും താരങ്ങളുടെ വരവ്.