ദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ കപ്പ് അണ്ടർ 17 ഫുട്ബോള്‍, മലപ്പുറം വിദ്യാഭ്യാസ ജില്ല മൽസരങ്ങൾ സംഘടിപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ അലംഭാവത്തോടെ. മത്സരങ്ങൾ തോന്നുംപടിയായതോടെ മലപ്പുറം തിരുവാലി ഗവ. ഹൈസ്കൂൾ മൈതാനത്ത് സംഘാടനത്തിന് എതിരെ വ്യാപക പ്രതിഷേധമുയർന്നു.
തിരുവാലി സ്കൂളിൽ മത്സരം തുടങ്ങുമ്പോൾ ആദ്യം ടീമുകൾക്ക് അനുവദിച്ച സമയം 40 മിനിട്ടായിരുന്നു. പിന്നീട് 30 മിനിട്ടും ഏറ്റവും ഒടുവിൽ ഒരു മത്സരത്തിന് 15 മിനിറ്റും അനുവദിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. വെയിലത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം പോലും വച്ചില്ല. പരുക്കേറ്റാൽ കൊണ്ടുപോകാൻ ആംബുലന്‍സ് സൗകര്യം പോലുമില്ല.
സാധാരണയായി സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കായികാധ്യാപകരാണ് നടത്താറുള്ളത്.ഇത്തവണ തൊഴിൽപരമായ പ്രശ്നങ്ങൾ കാരണം കായികാധ്യപകർ സമരത്തിലാണ് .
ഇതുകൊണ്ടാണ് മൈതാനം മത്സരങ്ങൾക്കായി ഒരുക്കാൻ കഴിയാതെ പോയത്. തിരുവാലി സ്കൂൾ മൈതാനത്ത് പ്രതിഷേധിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.