Image Credit: Reuters (Right), X (Left)

Image Credit: Reuters (Right), X (Left)

ഭക്ഷണത്തിനായി കാത്തു നില്‍ക്കവേ പലസ്തീനിന്‍റെ പെലെ എന്നറിയപ്പെട്ട ഫുട്ബോള്‍ താരം സുലൈമാന്‍ അല്‍ ഒബീദ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ കടുത്ത പ്രതികരണവുമായി ഈജിപ്തിന്‍റെ  സൂപ്പര്‍താരം മുഹമ്മദ് സലാ. ബുധനാഴ്ചയാണ് ഒബീദ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പലസ്തീനിലെ ഏറ്റവും പ്രതിഭാധനരായ സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന ഒബീദ് നൂറിലേറെ ഗോളുകളാണ് നേടിയിട്ടുള്ളത്. ഒബീദ് മരിച്ച വാര്‍ത്ത സമൂഹമാധ്യമമായ എക്സില്‍ യുവേഫ പങ്കുവച്ചതാണ് സലയെ ചൊടിപ്പിച്ചത്. 

'പ്രിയപ്പെട്ട ഒബീദിന് വിട. ഇരുണ്ടകാലത്തും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷയായതിനും പ്രചോദിപ്പിച്ചതിനും നന്ദി എന്നായിരുന്നു യുവേഫയുടെ കുറിപ്പ്. ഇത് റീ പോസ്റ്റ് ചെയ്ത സലാ 'എങ്ങനെയാണ് ഒബീദ് മരിച്ചത്? എവിടെ വച്ചാണ്? എന്തുകൊണ്ടാണ് എന്ന് കൂടി പറഞ്ഞുതരുമോ എന്നാണ് കുറിച്ചത്. അതിവേഗത്തിലാണ് സലായുടെ ട്വീറ്റ് വൈറലായത്.

1984 ല്‍ ഗാസയില്‍ ജനിച്ച ഒബീദ് ഖദാമത് അല്‍ ഷതിയിലാണ് കരിയര്‍ തുടങ്ങിയത്. 2007 ല്‍ പലസ്തീനായി അരങ്ങേറി. 2010 ലെ വെസ്റ്റ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പില്‍ യെമനെതിരെ പിറന്ന സിസര്‍കട്ട് ഉള്‍പ്പടെ എണ്ണം പറഞ്ഞ ഗോളുകള്‍ നേടി. കളിക്കളത്തില്‍ പെലയെ അനുസ്മരിപ്പിച്ച ഒബീദിനെയും ഫുട്ബോള്‍ ആരാധകര്‍ പലസ്തീനിലെ പെലെ എന്ന് സ്നേഹത്തോടെ വിളിച്ചു. അഞ്ച് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഒബീദിന്‍റെ മരണത്തോടെ അനാഥരായത്. 

2023 ഒക്ടോബറിന് ശേഷം ഇതുവരെ 662 അത്​ലീറ്റുകളും അവരുടെ ബന്ധുക്കളും കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍റെ കണക്ക്. ഇതില്‍ 421 പേര്‍ ഫുട്ബോള്‍ താരങ്ങളും 103 പേര്‍ കുട്ടികളുമാണ്. ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം മേയ് മാസത്തിന് ശേഷം 1300ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 

ENGLISH SUMMARY:

Sulaiman Al-Obeid's death in an Israeli attack has sparked reactions. The Palestinian footballer, known as the 'Palestinian Pele,' was killed while waiting for food, prompting a strong response from Mohamed Salah.