afa-message-03
  • അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശന വിവാദം
  • സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍
  • വാക്കുമാറിയത് സര്‍ക്കാരെന്ന് എ.എഫ്.എ മാര്‍ക്കറ്റിങ് ഹെഡ്

മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. വാക്കുമാറിയത് സര്‍ക്കാരെന്ന് എ.എഫ്.എ മാര്‍ക്കറ്റിങ് ഹെഡ്.  എ.എഫ്.എ പ്രതിനിധിയുടെ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. 

അതേസമയം, അർജന്റീനയും ലയണൽ മെസിയും കേരളത്തിൽ വരുമെന്നു മന്ത്രി ഉറപ്പിച്ച് പറഞ്ഞത് രാഷ്ട്രീയ തട്ടിപ്പോ. മന്ത്രിയുടെ ആദ്യ പ്രഖ്യാപനത്തിൽ സംശയം പൂണ്ടവരോട് അബ്ദുറഹിമാൻ, രണ്ടാം ഉറപ്പു നൽകിയത് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. മെസി വരുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതാകട്ടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും. ഒന്നിലും ഉറപ്പില്ലാത്ത മന്ത്രിയുടെ ഇപ്പോഴത്തെ നിലയിൽ ആരാധകരുടെ ആശങ്ക ബലപ്പെടുകയാണ്.

കലൂർ രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം, അതല്ലെങ്കിൽ മന്ത്രി സ്വപ്നം കണ്ട മലപ്പുറത്ത് എങ്ങാണ്ട് നിർമിക്കാനുള്ള ആ സ്റ്റേഡിയം. ഒരു പ്രായോഗീകതയുമില്ലാതെ വെറുതെ പ്രഖ്യാപിച്ചു പോയ ഇവിടുങ്ങളിലാണ് മന്ത്രി പറഞ്ഞ മെസിയും, അർജന്റീനയും കളിക്കേണ്ടിയിരുന്നത്. ആരുടെയോ ഇംഗിതത്തിനനുസരിച്ച്, കാര്യങ്ങളിൽ ഒരു വ്യക്തതയുമില്ലാതെ മന്ത്രി എന്തൊക്കെയോ പറയുന്നു എന്നാണ് മെസി ആരാധകരുടെ വിമർശനം.

ഇതുവരെ ഒപ്പം നിന്ന സി.പി.എം അണികളും മന്ത്രിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. മന്ത്രിയ്ക്ക് റോളില്ലാത്ത ഈ കളിയിൽ സ്പോൺസറുമായുള്ള  ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് സ്പോട്സ് കൗൺസിലിലെ ഉന്നതനാണെന്ന് വിമർശനമുണ്ട്. ഇതിൽ സ്പോട്സ് കൗൺസിൽ ഉന്നതന് നേട്ടമുണ്ടായെന്നും പറയപ്പെടുന്നു.  ഒരുകോടിയാളുകളെ ഉൾക്കൊളിച്ചുള്ള ഫാൻസ് മീറ്റ്, അൻപതു കിലോമീറ്റർ ദൂരം മെസി തുറന്നവാഹനത്തിൽ സഞ്ചരിക്കുന്നത് ഉൾപ്പെടെയുള്ള ഫാന്റസി കാര്യങ്ങൾ പോലും മനസിലാക്കാതെയുള്ള മന്ത്രിയുടെ ആധികാരിക പ്രസ്താവനക്കെതിരെയും ആരാധകർ തിരിഞ്ഞു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ കായികവകുപ്പിനും സർക്കാരിനും എതിരെ ട്രോളുകൾ നിറയുകയാണ്. ഇതിൽ പാർട്ടി നേതൃത്വവും അസംതൃപ്തിയിലാണ്. കൃത്യമായൊരു മറുപടി പറയാതെ സ്പോട്ൺസറുടെ ഇംഗിതത്തിനനുസരിച്ച് അഭിപ്രായം പറയുന്ന മന്ത്രിയുടെ നിലപാടിനെതിരെ സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗം എതിർപ്പുയർത്തിക്കഴിഞ്ഞു. വിശ്വാസ്യയോഗ്യമായ കാര്യം പറഞ്ഞ് പ്രശ്നം പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.

ENGLISH SUMMARY:

The Argentine Football Association (AFA) has criticised the Kerala government over the matter of bringing Lionel Messi to Kerala. According to the AFA’s marketing head, it was the government that backtracked. Manorama News has received the message from the AFA representative.