ഒരു സെല്‍ഫ് ഗോളൊക്കെ ഏത് കളിക്കാരനും അടിക്കും. പക്ഷെ തുടര്‍ച്ചയായി സെല്‍ഫ് ഗോളുകള്‍ അടിച്ചാലോ...? ഏതാണ്ട് ആ അവസ്ഥയിലാണ് നമ്മുടെ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍. മെസിയെയും അര്‍ജന്‍റീനയെയും കേരളത്തില്‍ കൊണ്ടുവന്ന് കളിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മന്ത്രി അടിച്ച് കൂട്ടിയ സെല്‍ഫ് ഗോളുകളെ കുറിച്ചാണ് പറയുന്നത്. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ മെസി വരുന്ന തീയതി വരെ മന്ത്രി പ്രഖ്യാപിച്ചു. ഒടുവില്‍ എല്ലാം പാളിയപ്പോള്‍ പഴി അര്‍ജന്‍റീന ടീമിന്. അടുത്ത വര്‍ഷം വരാമെന്ന് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പായതിനാല്‍ വേണ്ടെന്ന് പറഞ്ഞെന്ന മന്ത്രിയുടെ വിശദീകരണം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്.
മെസിയെയും അര്‍ജന്‍റീനയെയും കേരളത്തില്‍ കൊണ്ടുവന്ന് കളിപ്പിക്കുമെന്ന വെല്ലുവിളി കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സ്വയം സൃഷ്ടിച്ചതാണ്. ഇവിടെ തുടങ്ങുന്നു മന്ത്രിയുടെ സെല്‍ഫ് ഗോള്‍ പരമ്പര. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായ ഉറപ്പ് നല്‍കും മുമ്പേ മന്ത്രി പ്രഖ്യാപിച്ചു. മെസി വരും. സെല്‍ഫ് ഗോള്‍ നമ്പര്‍ 2.
പാലക്കാട്, ആലത്തൂര്‍, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തെ മന്ത്രിയുടെ പ്രഖ്യാപനം മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് സൈബര്‍ അണികളും സമൂഹമാധ്യമങ്ങളില്‍ ലോകകപ്പ് ഫൈനലിലെ വിജയ ഗോള്‍ പോലെ ആഘോഷമാക്കി. ഒരു പൊതുവേദിയിലും പ്രഖ്യാപനം ആവര്‍ത്തിച്ച് മന്ത്രി ഗ്യാലറികളെ ആവേശത്തിലാഴ്ത്തി.
മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യപനങ്ങള്‍ നടത്തിയിട്ടും അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ ഭാഗത്ത് മൗനമായിരുന്നു. അങ്ങനെയിരിക്കെയാണ് രണ്ട് മാസം മുമ്പ് അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചൈനയിലും ഖത്തറിലും സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്പോണ്‍സര്‍ ടീം ഫീസ് പറഞ്ഞ സമയത്ത് നല്‍കാത്തതിനാല്‍ ടീം വരില്ലെന്നും റിപ്പോര്‍ട്ടുകള്‍. സ്പോണ്‍സര്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് മന്ത്രിയും സമ്മതിച്ചു. പണം റെഡിയാണെന്നും ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണെന്നും സ്പോണ്‍സറുടെ വിശദീകരണം. പിന്നാലെ ഒരാഴ്ചയ്ക്കകം സ്പോണ്‍സര്‍ പണമടക്കുമെന്നും പിന്നാലെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക പ്രഖ്യാപനമെന്നും മന്ത്രിയുടെ അടുത്ത സെല്‍ഫ് ഗോള്‍. അത് കഴിഞ്ഞ് മാസം രണ്ടായി. ഒടുവില്‍ മന്ത്രി പറഞ്ഞു. മെസിയും അര്‍ജന്‍റീനയും ഈ വര്‍ഷം വരില്ലെന്ന് അറിയിച്ചു. തുടര്‍ന്നുള്ള മന്ത്രിയുടെ വിശദീകരണമാണ് ഇതുവരെയുളള സെല്‍ഫ് ഗോളുകളില്‍ മികച്ചത്.
പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഈ വര്‍ഷം അര്‍ജന്‍റീന ടീം കേരളത്തില്‍ കളിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തില്‍...? അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാറില്‍ ഒപ്പുവച്ചിരുന്നോ...? ടീം ഫീയായി സ്പോണ്‍സര്‍ നല്‍കിയെന്ന് പറയുന്ന തുകയെത്ര..? എപ്പോഴാണ് നല്‍കിയത്....? കരാര്‍ പ്രകാരം പണം നല്‍കിയിട്ടും അര്‍ജന്‍റീന ടീം പിന്മാറിയതാണേല്‍ മന്ത്രിയും സ്പോണ്‍സറും നിയമനടപടി സ്വീകരിക്കുമോ...? ഒന്നിനും ഉത്തരമില്ലാതെ മന്ത്രി ഉരുണ്ട് കളി തുടരുകയാണ്.