ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍ | Image courtesy: All India Football Federation

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ വിജയ പരമ്പര തീര്‍ത്ത് ജംഷഡ്പുര്‍ എഫ്സിയെ ഫൈനലില്‍ എത്തിച്ച ഖാലിദ് ജമീല്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍. ഡല്‍ഹിയില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചത്. 170 അപേക്ഷകരില്‍ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയായിരുന്നു ചര്‍ച്ച. മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍, സ്ലൊവാക്യന്‍ പരിശീലകന്‍ സ്റ്റെഫാന്‍ തര്‍ക്കോവിച്ച് എന്നിവരാണ് ഖാലിദ് ജമീലിനൊപ്പം പരിഗണിക്കപ്പെട്ട മറ്റുരണ്ടുപേര്‍. ഐഎം വിജയന്‍ നേതൃത്വം നല്‍കുന്ന ടെക്നിക്കല്‍ കമ്മിറ്റിയാണ് ചുരുക്കപ്പെട്ടിക തയാറാക്കിയത്. ഇന്ത്യക്കാരനെന്ന നിലയില്‍ ഖാലിദ് ജമീലിന് ഇന്ത്യന്‍ താരങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും ബോധ്യവുമുണ്ട് എന്നതാണ് അന്തിമതീരുമാനം അനുകൂലമാക്കിയത്.

കുവൈത്തില്‍ ജനിച്ച ജമീല്‍ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ മുഴുവന്‍ കളിച്ചത് ഇന്ത്യയിലാണ്. 2009ല്‍ മുംബൈ എഫ്സിക്കുവേണ്ടിയാണ് ഒടുവില്‍ കളത്തിലിറങ്ങിയത്. പരുക്കുമൂലം കളി മതിയാക്കിയ ജമീല്‍ പിന്നീട് പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു. 2017ലെ ഐ ലീഗ് സീസണില്‍ വമ്പന്‍മാരെ അട്ടിമറിച്ച് ഐസോള്‍ എഫ്സിയെ കിരീടം ചൂടിച്ചതോടെയാണ് പരിശീലകനെന്ന നിലയില്‍ ജമീല്‍ ശ്രദ്ധനേടിയത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ബെംഗളൂരു എഫ്സി തുടങ്ങിയ വമ്പന്മാരെ തോല്‍പ്പിച്ചായിരുന്നു ഐസോളിന്‍റെ കിരീടനേട്ടം. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പുരിനെയും ഫൈനലിലെത്തിച്ചത് പരിശീലകന്‍റെ മിടുക്കായി വാഴ്ത്തപ്പെട്ടു.

ഈമാസം 29ന് മധ്യേഷന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (CAFA) സംഘടിപ്പിക്കുന്ന നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെയാകും ദേശീയ ടീം പരിശീലകനെന്ന നിലയില്‍ ഖാലിദ് ജമീലിന്‍റെ അരങ്ങേറ്റം. സെപ്തംബര്‍ ഒന്നിന് ഇറാനെതിരെയും സെപ്തംബര്‍ നാലിന് അഫ്ഗാനിസ്ഥാനെതിരെയും മല്‍സരങ്ങളുണ്ട്. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.

ജംഷഡ്പുര്‍ എഫ്സിയുമായി ഖാലിജ് ജമീലിന് അടുത്തവര്‍ഷം വരെ കരാറുണ്ട്. ഒരു ദശാബ്ദത്തിലേറെയായി ഐഎസ്എല്‍, ഐ ലീഗ് ടീമുകളെ പരിശീലിപ്പിക്കുന്ന ജമീലിന് ഇന്ത്യന്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഫെഡറേഷനും ഫുട്ബോള്‍ പ്രേമികളും. 

ENGLISH SUMMARY:

Khalid Jameel, the ISL's Super Coach, has been appointed as the new coach of the Indian national football team. Discover how his deep knowledge of Indian football and impressive track record with Jamshedpur FC and Aizawl FC led to this pivotal AIFF decision.