.
ഇന്ത്യൻ ഫുട്ബോൾ കോച്ച് തിരഞ്ഞെടുപ്പിൽ ചാവി ഹെർണാണ്ടസിന്റെ പേരിൽ ലഭിച്ച അപേക്ഷ വ്യാജമാണെന്ന് തെളിഞ്ഞു. വെല്ലൂർ വിഐടിയിലെ ഒരു വിദ്യാർഥിയാണ് ഈ ഇമെയിൽ അയച്ചത്. ചാറ്റ് ജിപിടി ഉപയോഗിച്ചാണ് ഈ അപേക്ഷ തയ്യാറാക്കിയത്. തമാശയ്ക്ക് വേണ്ടിയാണ് താൻ ഇത് അയച്ചതെന്ന് വിദ്യാർഥി സമ്മതിച്ചു. ചാവി ഹെർണാണ്ടസിന്റെ യഥാർഥ ജി-മെയിൽ അക്കൗണ്ടുമായി സാമ്യമുള്ള ഒരു ഇ-മെയിലിൽ നിന്നാണ് അപേക്ഷ വന്നതെന്നും, ഇത് ഇന്ത്യയിൽ നിന്നാണ് അയച്ചതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
സ്പാനിഷ് സൂപ്പർതാരം ചാവി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടും, സാമ്പത്തിക കാരണങ്ങളാൽ എഐഎഫ്എഫ് അത് അവഗണിച്ചുവെന്ന റിപ്പോർട്ടുകൾ വലിയ വിവാദമായതോടെയാണ് എഐഎഫ്എഫ് അപേക്ഷ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചത്. ചാവിയുടെ പേരിലുള്ള ഇ-മെയിൽ അക്കൗണ്ടിൽ നിന്ന് ലഭിച്ച അപേക്ഷയിൽ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ ഇല്ലാത്തതും സംശയം വർധിപ്പിച്ചു.
സ്പാനിഷ് പരിശീലകൻ മനോലോ മാർക്കേസ് രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ച അപേക്ഷകളിലൊന്ന് സ്പാനിഷ് താരവും ബാർസിലോനയുടെ മുൻ ഹെഡ് കോച്ചുമായിരുന്ന ചാവി ഹെർണാണ്ടസിന്റെ പേരിലുള്ളതാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ഡയറക്ടർ സുബ്രത പാൽ സ്ഥിരീകരിച്ചിരുന്നു. വലിയ പ്രതിഫലം നൽകേണ്ടി വരുമെന്നതിനാൽ ചാവിയുടെ അപേക്ഷ തുടക്കത്തിൽ തന്നെ ഫെഡറേഷൻ തള്ളിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് ഈ അപേക്ഷയിലെ തട്ടിപ്പ് കണ്ടെത്താനായത്.