ഇന്ത്യന്‍ ഫുട്ബോളിന്‍റെ വസന്ത നായകനായിരുന്ന വി.പി സത്യനെ മറക്കാന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിയ്ക്കലും കഴിയില്ല. സത്യന്‍റെ പ്രിയപ്പെട്ട നാട്ടുകാര്‍ വീണ്ടും ഓര്‍മകളില്‍ ഒത്തുകൂടി. 19–ാം ചരമദിനത്തിലാണ് സ്വദേശമായ കണ്ണൂര്‍ മേക്കുന്നില്‍ നാട്ടുകാര്‍ ഓര്‍മകള്‍ക്ക് മുമ്പില്‍ കൈകൂപ്പിയത്.
കണ്ണൂരിന്‍റെ പാടത്തും പറമ്പിലും തുകല്‍പന്തു തട്ടി വലകുലുക്കി വളര്‍ന്ന സത്യന്‍. പ്രിയപ്പെട്ടവരുടെ സത്യേട്ടന്‍. സത്യന്‍റെ കാല്‍, പന്തിനുനേരെ ചലിക്കാതായിട്ട് വര്‍ഷം 19 വര്‍ഷം പിന്നിട്ടിരിയ്ക്കുന്നു. വി.പി സത്യനെന്ന വ്യക്തി മൈതാനത്തു നിന്ന് മാഞ്ഞാലും മനസില്‍ നിന്ന് മായുന്നില്ലെന്ന് നാട് ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഓരോ ജന്മദിനവും ചരമദിനവും അതിന് തെളിവുകളാകുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് മനസില്‍ മായാത്ത പ്രതിരോധനിരയിലെ കരുത്തനാണ് സത്യനെങ്കില്‍ , നാട്ടുകാര്‍ക്ക് അതിലുമുപരിയായിരുന്നു. സത്യന്‍റെ പേരില്‍ സ്മാരകവും നാട്ടുകാര്‍ തീര്‍ത്തത് അതുകൊണ്ടാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ വിസ്മരിക്കാനാകാത്ത അധ്യായമായിരുന്നു വി.പി സത്യന്‍. 1965 ഏപ്രില്‍ 29ന് ജനിച്ച സത്യന്‍ ഉയരങ്ങളിലേക്ക് പന്തുതട്ടിക്കയറിയത് അഭിമാനത്തോടെയാണ് നാടോര്‍ക്കുന്നത്. ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു സത്യന്‍. 1980ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സത്യന്‍ മിഡ് ഫീല്‍ഡിലും, ഡിഫന്‍സിലും അതുല്യപ്രതിഭയായിരുന്നു. പക്ഷേ, വിധി ചെറുപ്പം വിട്ടുമാറും മുമ്പ് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. 2006 ജൂലൈ 18ന് ചെന്നൈ പല്ലാവരം റെയില്‍വെ സ്റ്റേഷനടുത്ത് വെച്ച് ട്രെയിന്‍ തട്ടിയായിരുന്നു അതുല്യപ്രതിഭ വിടപറഞ്ഞത്. കാലങ്ങള്‍ക്കപ്പുറവും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മനുഷ്യര്‍ വി.പി സത്യനെയും പുകഴ്ത്തിപ്പാടുന്നതില്‍ അഭിമാനമെന്ന് സത്യന്‍റെ പ്രിയപത്നി അനിത. മേക്കുന്നില്‍ ഇത്തവണയും വിവിധ പരിപാടികളാണ് സത്യനുവേണ്ടി നടത്തുന്നത്. നാളെ 13 വയസിനു താഴെയുള്ളവര്‍ക്കായി സെവന്‍സ് ടൂര്‍ണമെന്‍റ് നടക്കും. ഫുട്ബോള്‍ മൈതാനത്ത് നാളെ വിസിലുയരുമ്പോള്‍ ആരും കാണാത്ത ലോകത്തിരുന്ന് സത്യന്‍ കൈയ്യടിക്കുന്നുണ്ടാകണം..