ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെല്‍സിക്ക്. വമ്പന്‍മാരായ പി.എസ്.ജിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സിയുടെ രണ്ടാം ക്ലബ് ലോകകപ്പ് വിജയം. ചെല്‍സിക്കായി കോള്‍ പാമര്‍ ഇരട്ടഗോള്‍ നേടി. ആദ്യ പകുതിയിലെ ചെല്‍സിയുടെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലെ പിഎസ്ജിയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും കളിയുടെ ആവേശം കൂട്ടി.
ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന്റെ ആവേശവുമായി എത്തി സെമിയില്‍ റയല്‍ മഡ്രിഡിനെ വരെ തകര്‍ത്ത് വന്ന പി.എസ്.ജിയെ തുടക്കം മുതലേ വരിഞ്ഞുകെട്ടുകയായിരുന്നു ചെല്‍സി. ആക്രമിച്ചുകളിച്ച ചെല്‍സിക്ക് 22ാം മിനിറ്റില്‍ കോള്‍ പാമറിലൂടെ ആദ്യ ഗോള്‍. എട്ടുമിനിറ്റിനകം പാമര്‍ വീണ്ടും വലകുലുക്കി. 43ാം മിനിറ്റില്‍ പാമറുടെ അസിസ്റ്റില്‍ ജാവോ പെഡ്രോയുടെ വക മൂന്നാംഗോള്‍. ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ഡൊണ്ണാരുമ്മയുടെ തകര്‍പ്പന്‍ സേവുകളാണ് കനത്ത തോല്‍വിയില്‍നിന്ന് പി.എസ്.ജിയെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലിയാം ദെലാപ്പിന്റെ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് ഡൊണ്ണാരുമ്മയും തടുത്തിട്ടത്. ചെൽസിയുടെ ഗോള്‍വല കാത്ത് ഗോൾകീപ്പർ റോബർട്ട് സാഞ്ചസും രക്ഷകനായി.
85ാം മിനിറ്റില്‍ പി.എസ്.ജിയുടെ ജുവാവൊ നെവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കളിയുടെ നാടകീയ രംഗങ്ങളില്‍ ഒന്നായിരുന്നു. മല്‍സര ശേഷം ഗ്രൗണ്ടില്‍ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കുകയും ചെയ്തു. ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് കപ്പ് സമ്മാനിച്ചത്. ഭാര്യ മെലാനിയയുമൊത്താണ് ട്രംപ് മല്‍സരം കാണാനെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും കോള്‍ പാമറിനാണ്.