ഡിയോഗോ ജോട്ടയുടെ വിയോഗത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ആദ്യമായി കളത്തിലിറങ്ങി. നിറകണ്ണുകളോടെ താരങ്ങളും ആരാധകരും ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചാണ് പ്രെസ്റ്റനെതിരായ മല്‍സരം തുടങ്ങിയത്. പ്രീ സീസണ്‍ സൗഹൃദമല്‍സരത്തില്‍ 3 –1ന് ലിവര്‍പൂള്‍ വിജയിച്ചു.
മുന്നേറ്റങ്ങളില്‍ തോളോടുചേര്‍ന്നുനിന്നവര്‍ ഇനിയില്ലെന്ന് യാഥാര്‍ത്യത്തിന് മുന്നില്‍ തലകുനിച്ച് നിറകണ്ണുകളോടെ നിന്നു ലിവര്‍പൂള്‍ താരങ്ങള്‍. ചാംപ്യന്‍ഷിപ്പ് ടീമായ പ്രെസ്റ്റന്‍ നോര്‍ത്ത് എന്‍ഡ്, എവേ സ്റ്റാന്റിലെ ലിവര്‍പൂള്‍ ആരാധകര്‍ക്ക് മുന്നില്‍ ജോട്ടയ്ക്കായി ഒരു തൂവെള്ള റീത്ത് സമര്‍പ്പിച്ചു. ജേഴ്സിയുടെ നിറവിത്യാസം മറന്ന്, യു വില്‍ നെവര്‍ വാക്ക് എലോണെന്ന് സ്റ്റേഡിയമൊന്നാകെ ഏറ്റുപാടി.
ജോട്ടയുടെ ചിത്രങ്ങളും സ്കാഫുമൊക്കെയായാണ് ഇരുടീമിന്റെയും ആരാധകര്‍ മല്‍സരം കാണാന്‍ എത്തിയത്.
മുഹമ്മദ് സലയാണ് ലിവര്‍പൂളിനെ നയിച്ച് കളത്തിലിറങ്ങിയത്. മല്‍സരത്തില്‍ ലിവര്‍പൂള്‍ 3-1ന് ജയിച്ചു. കോണര്‍ ബ്രാഡ്ലിയും ഡാര്‍വിന്‍ ന്യൂനിയസും കോഡി ഗാക്പോയും ഗോളടിച്ചു. ഗോളാഘോഷത്തില്‍ ജോട്ട സ്റ്റൈല്‍ നിറഞ്ഞുനിന്നു.
ജോട്ടയുടെ ഇരുപതാം നമ്പര്‍ ജേഴ്സി ലിവര്‍പൂള്‍ ആദരസൂചകമായി പിന്‍വലിച്ചിരുന്നു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകര്‍ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് ഇടം കാണാന്‍ കഴിഞ്ഞ ദിവസം ജോട്ടയുടെ കുടുംബാംഗങ്ങളും താരങ്ങള്‍ക്കൊപ്പം എത്തിയിരുന്നു