എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ്കോങ്ങിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ടീം. 127-ാം സ്ഥാനത്തുനിന്ന് 133-ാം സ്ഥാനത്തേക്കാണ് പതിച്ചത്. 2016ന് ശേഷമുള്ള ഏറ്റവും മോശം റാങ്കിങ്ങാണ്. അന്ന് 135-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പിന്നീട് രണ്ടുവര്‍ഷത്തിനകം റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യ 97–ാം സ്ഥാനത്തെത്തിയിരുന്നു. ഏഴ് സ്ഥാനങ്ങള്‍ താഴേയ്ക്കിറങ്ങിയ ജമൈക്ക, മാലദ്വീപ്, കോംഗോ, ഹെയ്തി എന്നീ ടീമുകളാണ് ദയനീയ പ്രകടനം പുറത്തെടുത്തവര്‍. ഇന്ത്യ, തായ്പേയ്, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, എല്‍ സാല്‍വഡോര്‍, സ്ലൊവാക്യ ടീമുകള്‍ ആറു സ്ഥാനങ്ങള്‍ താഴേയ്ക്ക് പതിച്ചു.
ലോകചാംപ്യന്‍മാരായ അര്‍ജന്റീന തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. നേഷന്‍സ് ലീഗ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ക്രൊയേഷ്യ ആദ്യ പത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇറ്റലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. സ്പെയിനാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നീ ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
ഏഷ്യന്‍ ടീമുകളില്‍ ജപ്പാനാണ് ഒന്നാമത്. 17–ാം സ്ഥാനത്താണ് ജപ്പാന്‍. ഇറാന്‍ 20–ാം സ്ഥാനത്തും ദക്ഷിണ കൊറിയ 23–ാം സ്ഥാനത്തും ഖത്തര്‍ 53–ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ റാങ്കിങ്ങില്‍ 24–ാം സ്ഥാനത്താണ് ഇന്ത്യ. പലസ്തീന്‍, സിറിയ, ഇറാഖ് തുടങ്ങി രാഷ്ട്രീയ അസ്ഥിരാവസ്ഥയിലുള്ള രാജ്യങ്ങള്‍ വരെ ഇന്ത്യയ്ക്ക് മുന്നിലായുണ്ട്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ തോല്‍പിച്ച ഹോങ്കോങ്ങ് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 147–ാം സ്ഥാനത്തെത്തി.