ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ 2025 – 26 മല്‍സര കലണ്ടറില്‍നിന്ന് ഐഎസ്എല്‍ ഒഴിവാക്കി. ഐഎസ്എല്‍ ഉള്‍പ്പെടുത്താതെയുള്ള വാര്‍ഷിക കലണ്ടറാണ് എ.ഐ.എഫ്.എഫ് പുറത്തിറക്കിയത്.  

രാജ്യത്തെ ടോപ് ഫുട്ബോള്‍ ലീഗായ ഐഎസ്എലിനെ ഒഴിവാക്കിക്കൊണ്ടുള്ള എഐഎഫ്എഫ് കലണ്ടര്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എഐഎഫ്എഫ് പുറത്തിറക്കിയ 2025 – 26 കാലയളവിലെ മല്‍സര കലണ്ടറില്‍ ഐഎസ്എല്‍ ഇല്ല. ഇതോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഐഎസ്എല്‍ നടത്തിപ്പുകാരായ റിലയന്‍സ് – സ്റ്റാര്‍ ഗ്രൂപ്പിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്പമെന്റ് ലിമിറ്റഡും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള 15 വര്‍ഷ കരാര്‍ 2025 ല്‍ അവസാനിക്കുന്നതിനിടെയാണിത്.  കരാര്‍ സംബന്ധിച്ച  മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റില്‍ വ്യക്തതത വരുത്താതെ ഐഎസ്എല്‍ തുടരാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.   2010 ലാണ് FSDL എഐഎഫ്എഫുമായി കരാറൊപ്പിട്ടത്. ഇതുപ്രകാരം പ്രതിവര്‍ഷം  50 കോടി രൂപയോ ആകെ വരുമാനത്തിലെ 20 ശതമാനമോ ഇതിലേതാണോ കൂടുതലുള്ളത് അത് ഫെഡറേഷന്  FSDL നല്‍കണം. ഈ കരാറാണ് ഡിസംബറോടെ അവസാനിക്കുന്നത്. തുടര്‍ കരാറിന്റെ കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഐഎസ്എല്‍ തുടങ്ങാനാവില്ലെന്ന് fdsl ഉദ്യോഗസ്ഥര്‍ ക്ലബുകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനുപുറമേ AIFF ന്റെ പുതിയ ഭരണഘടന സംബന്ധിച്ച സുപ്രീംകോടതി  വിധി വരാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ 2014 ല്‍ തുടങ്ങി ഇന്ത്യയിലെ ഫുട്ബോള്‍ ആവേശം അതിര്‍ത്തി കടത്തിയ സൂപ്പര്‍ ലീഗിന്റെ ഭാവിയാണ് തുലാസിലായത്. 

ENGLISH SUMMARY:

The Indian Super League (ISL) faces an uncertain future as it has been excluded from the All India Football Federation's (AIFF) 2025–26 official competition calendar. The omission has sparked concerns about the league’s continuity and its place in Indian football.