സ്പെയിനിനെ പെനൽറ്റി ഷൂട്ട് ഔട്ടിൽ തോല്പിച്ച് പോർച്ചുഗൽ നേഷൻസ് ലീഗ് ചാംപ്യൻമാർ. അധിക സമയം പൂർത്തിയായപ്പോൾ ഇരുടീമും രണ്ട് ഗോളുകൾ വീതം നേടി. ഷൂട്ട് ഔട്ടിൽ 5-3 നാണു പോർച്ചുഗലിന്റെ ജയം. നേഷൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന പ്രായമേറിയ താരമായി ക്രിസ്റ്റ്യാനോ.
തലമുറകളുടെ പോരിൽ 17 കാരൻ ലാമിൻ യമാലിനെ പോർച്ചുഗൽ പ്രതിരോധം നിശബ്ദനാക്കിയപ്പോൾ 40 ആം വയസിലും പോർച്ചുഗലിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പെഡ്രി നയിച്ച സ്പാനിഷ് മധ്യനിര നിയന്ത്രിച്ച മൽസരത്തിൽ 21 ആം മിനിറ്റിൽ സ്പെയിൻ മുന്നിൽ. അഞ്ചുമിനിറ്റിനകം നിക്കോ വില്യംസിന്റെ മുന്നേറ്റത്തിൽ വിറച്ച പോർച്ചുഗീസ് പ്രതിരോധം തുടങ്ങിവെച്ച പ്രത്യാക്രമണം വലയിലാക്കി ലെഫ്റ്റ് ബാക് നുനോ മെന്റസ്.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെട്രിയുടെ അളന്നുമുറിച്ച് പാസ് വലയിലാക്കി ഒയാർസബാൽ സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. ക്രിസ്റ്റ്യാനോയുടെ സമനില ഗോളിന് പിന്നാലെ സ്പാനിഷ് മുന്നേറ്റത്തിനു മൂർച്ച കൂടിയെങ്കിലും പോർച്ചുഗീസ് കീപ്പർ ഡീഗോ കോസ്റ്റയേ മറികടക്കാനായില്ല .
88 ആം മിനിറ്റിൽ പരുക്കേറ്റ് കളം വിട്ട ക്രിസ്റ്റ്യാനോ ഇല്ലാതെ പോർച്ചുഗൽ അധികസമയം പൂർത്തിയാക്കി. ഷൂട്ട് ഔട്ടിൽ പോർച്ചുഗൽ താരങ്ങളെല്ലാം ലക്ഷ്യം കണ്ടപ്പോൾ സ്പെയിനിന്റെ മൊറാട്ടയുടെ കിക്ക് തടുത് കോസ്റ്റ പോർച്ചുഗീസ് കരിയറിലെ മൂന്നാം കിരീടമുയർത്തി ഇതിഹാസതാരം.