ആറാം വയസില്‍ ലിവര്‍പൂള്‍ എഫ്.സിയിലെത്തിയ ലോക്കല്‍ ബോയ് ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ജൂണ്‍ ഒന്നിന് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ റയല്‍ മഡ്രിഡ് താരം. 10 മില്യണ്‍ യൂറോ റയല്‍ മഡ്രിഡ് ലിവര്‍പൂളിന് കൈമാറി. ജൂണ്‍ 30 വരെയാണ് ലിവര്‍പൂളുമായുള്ള ട്രെന്റിന്റെ കരാറെങ്കിലും ക്ലബ് ലോകകപ്പിന്റെ തുടക്കം മുതല്‍ ട്രെന്‍റിന്റെ സേവനം ലഭിക്കുന്നതിനായാണ് റയല്‍ താരത്തെ ഇപ്പോള്‍തന്നെ സ്വന്തമാക്കിയത്. ആറുവര്‍ഷത്തേക്കാണ് റയലുമായുള്ള കരാര്‍.
ജൂണ്‍ 14ന് തുടങ്ങുന്ന ക്ലബ് ലോകകപ്പിന് മുന്നോടിയായാണ് ഫിഫ പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ 10 വരെയാണ് താരകൈമാറ്റം നടത്താനുള്ള സമയപരിധി. സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ ജൂണ്‍ 18നാണ് റയല്‍ മഡ്രിഡിന്റെ ആദ്യ പോരാട്ടം. സീസണില്‍ കാര്യമായ നേട്ടങ്ങളില്ലാത്ത റയല്‍ മഡ്രിഡിന് ക്ലബ് ലോകകപ്പിലെ പ്രകടനം നിര്‍ണായകമാണ്.
ആറാം വയസില്‍ ലിവര്‍പൂള്‍ അക്കാദമിയിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ചാംപ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും സൂപ്പര്‍ കപ്പും എഫ് എ കപ്പും സ്വന്തമാക്കി. 354 മല്‍സരങ്ങളില്‍ നിന്നായി 23 ഗോളുകള്‍ നേടിയ ട്രെന്റ് 92 ഗോളുകള്‍ക്ക് വഴിയൊരുക്കി.