അർജന്റീന ഫുട്ബോൾ ടീമും ഇതിഹാസ താരം മെസിയും കേരളത്തിൽ വരുമോ എന്നതിൽ അവ്യക്തത തുടരുന്നു. മെസി കേരളത്തിലേക്ക് വരില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. മെസി വരില്ലെന്ന വാര്‍ത്ത സ്പോണ്‍സര്‍മാര്‍ അറിയിച്ചിട്ടില്ല. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അർജന്റീന ടീം കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മെസിയും അർജന്റീന ടീമും എത്തുന്നത് വലിയ ആവേശത്തോടയാണ് കേരളം കാത്തിരുന്നത്. കരാർ പ്രകാരമുള്ള തുക സ്പോൺസർ അടച്ചിരുന്നുവെങ്കിൽ ഒക്ടോബറിലോ നവംബറിലോ മെസിയും ടീമും കേരളത്തിൽ കളിക്കുമായിരുന്നു.
സ്പോൺസർഷിപ്പ് സംബന്ധിച്ച അവ്യക്തതയെ തുടർന്ന് മെസി അടങ്ങുന്ന അർജൻറീന ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങി. അർജന്റീനയും മെസിയും കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഇവർ എപ്പോൾ എത്തും എന്ന് വ്യക്തമാക്കിയുമില്ല.
ആദ്യ സ്പോൺസർക്ക് റിസർവ് ബാങ്ക് അനുമതി ലഭിക്കാത്തതിനാൽ ഒഴിവായി. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിയാണ് സ്പോൺസർമാരായി രണ്ടാമതെത്തിയത്. ചർച്ചകൾ നടന്നു വെന്ന് പറഞ്ഞ മന്ത്രി പിന്നെന്തു കൊണ്ട് അർജന്റീന കേരളത്തിൽ എത്തുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നുമില്ല.
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വഴി കേരളത്തിനുവേണ്ടി അർജന്റീനയുമായി കരാർ ഉണ്ടാക്കിയ കമ്പനി ഉടമ്പടി എഴുതി 45 ദിവസത്തിനകം 60 കോടി രൂപ കൈമാറേണ്ടതാണ്. എന്നാൽ അവസാന തീയതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും അർജന്റീന ഫുട്ബോൾ അസോസിയേഷന് കരാർ പ്രകാരമുള്ള തുക ലഭിച്ചില്ലെന്നാണറിവ്. മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കേരളം അർജന്റീനയിൽ എത്തി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി നേരിട്ട് ചർച്ച നടത്തി ഉറപ്പുകൾ നൽകിയതാണ്. ആശയക്കുഴപ്പം തുടരുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പും നീളുകയാണ്.